ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി ഉപയോഗവും വിൽപനയും; ട്രെയിനർ ഉള്പ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ജിമ്മിൻ്റെ മറവിൽ ലഹരി വിൽപന നടത്തിയ നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കോഴിക്കോട് പയ്യാനക്കൽകപ്പക്കൽ റോഡിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിലാണ് പൊലീസ് റെയ്ഡ്. ഇന്ന് പുലർച്ചെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും പരിശോധനക്ക് എത്തിയപ്പോഴാണ് ജിമ്മിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.
ഇവരിൽ നിന്നും വിപണിയിൽ എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന 250 ഗ്രാം എംഡിഎംഎയും നാൽപ്പത് ഗ്രാം കഞ്ചാവും പിടികൂടി. ജിംനേഷ്യം നടത്തിപ്പുകാരനായ ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ്, ഫറോക്ക് ചുങ്കം സ്വദേശിയായ അർഷാദ് എന്നിവരാണ് പൊലീസിൻ്റെ കസ്റ്റഡിയിലായത്.ഡാൻസാഫ് സംഘം ജിംനേഷ്യത്തിൽ എത്തുന്ന സമയത്ത് ഇവരെ കണ്ടതോടെ യുവാക്കൾ ലഹരി വിറ്റ് കിട്ടിയ പണം വെള്ളത്തിൽ നിക്ഷേപിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ ഏറെ നേരത്തെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ആരോഗ്യം വീണ്ടെടുക്കുന്നതിനായി ജിംമ്മിലെത്തുന്ന യുവക്കാൾക്ക് രാസലഹരികളായ എംഡിഎംഎ സിന്തറ്റിക് ലഹരികൾ തുടങ്ങിയവ വിതരണം ചെയ്യുന്ന നിരവധി വ്യക്തികൾ ഇന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. അവരെ കണ്ടത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിൽ വർധിച്ചുവരുന്ന ലഹരി വിൽപനയ്ക്കെതിരെ വലിയ വല വിരിച്ചിരിക്കുകയാണ് പൊലീസ്. യുവക്കളിലും കുട്ടികളിലും ലഹരി എത്തിക്കുന്നവരെ കണ്ടത്തി അവരുടെ മൂലകേന്ദ്രം നശിപ്പിക്കുക എന്നതാണ് ഇപ്പോൾ അധികൃതരുടെ പ്രധാന ലക്ഷ്യം. ഏറെനാളായി പയ്യാനക്കൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറിലേറെ പേരാണ് ഓരോ ദിവസവും അതിരാവിലെ മുതൽ രാത്രി വരെ വ്യായാമം ചെയ്യാൻ എത്തുന്നത്. ഏറെനാളായി ഇവിടെ ലഹരി വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. അതിനെ തുടർന്ന് ഈ ഭാഗത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇന്ന് ലഹരി എത്തിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
പ്രതികളെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് രാസ ലഹരി കൊണ്ടുവരുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ലഹരി കൈമാറുന്ന മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരവും പ്രതികളിൽ നിന്നും ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും ഊർജിതമായ അന്വേഷണം നടത്തുമെന്ന് ഡാൻസാഫ് അറിയിച്ചു. പിടിയിലായ മൂവരെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.