ഗാർഹിക ഉപഭോഗ ഗ്യാസ് സിലണ്ടറുകൾക്ക് ഇ-കെവൈസി അപ്‌ഡേഷൻ നിർബന്ധമാക്കുന്നു

ന്യുഡൽഹി: നിലവിൽ ഗ്യാസ് സബ്‌സിഡി ലഭിക്കുന്നവർക്ക് തുടർന്നും അത് ലഭിക്കാൻ ഇ-കെവൈസി അപ്‌ഡേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി രാജ്യത്തെ എണ്ണക്കമ്പനികൾ.14.2 കിലോഗ്രാം വരുന്ന ഗാർഹിക ഉപഭോഗ ഗ്യാസ് സിലണ്ടറുകൾക്ക് . വ്യാജ കണക്ഷനുകൾ ഇല്ലാതാക്കാനും സബ്‌സിഡി യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം.ഇ- കെവൈസിയിലൂടെ എൽപിജി കണക്ഷനുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കും. ഇതിലൂടെ വ്യാജ കണക്ഷനുകൾ ഒഴിവാക്കാൻ കഴിയും. ഒരു വ്യക്തിക്ക് ഒന്നിലധികം കണക്ഷനുകൾ ലഭിക്കുന്നത് തടയാനും ഇത് വഴി സബ്‌സിഡി ദുരുപയോഗം ചെയ്യുന്നത് തടയാനും സാധിക്കുമെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.
ഇ-കെവൈസി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. കൂടാതെ ഗ്യാസ് വിതരണ ഓഫിസ് സന്ദർശിക്കുകയോ ഡെലിവറി ചെയ്യുന്ന വ്യക്തി നൽകുന്ന വെരിഫിക്കേഷൻ ആപ്പ് ഉപയോഗിക്കുയോ ചെയ്യാം. ഇതിനായി യാതൊരു നിരക്കും ഈടാക്കില്ല.
ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ എന്ത് സംഭവിക്കും?
പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പ്രകാരം കേന്ദ്ര സർക്കാർ എൽപിജി സിലണ്ടറുകൾക്ക് സബ്‌സിഡി നൽകുന്നുണ്ട്. എല്ലാ വർഷവും പരമാവധി ഒൻപത് സിലണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക. കെവൈസി അപ്‌ഡേറ്റ് ചെയതില്ലെങ്കിൽ എട്ടാമത്തെയും ഒൻപതാമത്തെയും സിലണ്ടറുകൾക്കുള്ള സബ്‌സിഡി തടഞ്ഞുവയ്‌ക്കും.
അതേസമയം സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ 2026 മാർച്ച് 31 നകം ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്‌താൽ സബ്‌സിഡി പണം തിരികെ ലഭിക്കുന്നതാണ്. അതേസമയം അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ സബ്‌സിഡി റദ്ദാക്കുമെന്നാണ് എണ്ണ കമ്പനികൾ നൽകിയ അറിയിപ്പ്.
നേരത്തെ ബയോമെട്രിക് അപ്‌ഡേഷൻ പൂർത്തിയാക്കിവരും ഓരോ സാമ്പത്തിക വർഷത്തിലും ബയോമെട്രിക് അപ്‌ഡേഷൻ പൂർത്തിയാകണം. എന്നാൽ പിഎംയുവൈയിൽ ഉൾപ്പെടാത്തവർ ബയോമെട്രക് അപ്‌ഡേഷൻ നിർബന്ധമാക്കണോ, എന്നാണ് അവസാന തീയതി എന്നീ വിവരങ്ങൾ എണ്ണ കമ്പനികൾ പുറത്ത് വിട്ടിട്ടില്ല.
ഇ-കെവൈസി അപ്‌ഡേഷൻ എങ്ങനെ ഓൺലൈനായി ചെയ്യാം?
നിങ്ങൾ ഏത് ഗ്യാസ് സിലണ്ടറാണോ ഉപയോഗിക്കുന്നത് അതിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്യുക.( ഇന്ത്യൻ ഓയിൽ: ഇന്ത്യൻ ഓയിൽ വൺ, ഭാരത് പെട്രോളിയം:ഇന്ത്യൻ ഓയിൽ വൺ, ഹിന്ദുസ്ഥാൻ പെട്രോളിയം: എച്ച്പി പേ ആപ്പ്)
ആധാർ ഫെയ്‌സ്ആർഡി ആപ്പ് ഡൗൺലോഡ് ചെയ്യുക (മുഖം അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ഇത് ആവശ്യമാണ്)
- ലോഗിൻ ചെയ്‌ത ശേഷം കെവൈസി/ ഇ-കെവൈസി കണ്ടെത്തുക
- ശേഷം നിങ്ങളുടെ എൽപിജി ഉപഭോക്തൃ നമ്പറും ആധാർ നമ്പറും നൽകുക.
- മുഖം അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കാൻ ക്യാപ്ച്ചർ ഫെയ്‌സ് തെരഞ്ഞെടുക്കുക
- സ്‌ക്രീനിലെ നിർദേശങ്ങൾ പാലിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ സന്ദേശം ലഭിക്കുന്നതാണ്.
- ഇത് ചെയ്യാനായി ആധാർ നമ്പർ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കണം.
ഓഫ്‌ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
- നിങ്ങളുടെ അടുത്തുള്ള ഗ്യാസ് വിതരണക്കാരിൽ നിന്ന് കെവൈസി ഫോം വാങ്ങുക
- വിലാസങ്ങളും നമ്പറുകളുമെല്ലാം കൃത്യമായി പൂരിപ്പിക്കുക
- തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്)
- വിലാസ തെളിവ് (ഉദാ. ആധാർ കാർഡ്, 3 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത യൂട്ടിലിറ്റി ബില്ലുകൾ, ബാങ്ക് സ്‌റ്റേറ്റമെൻ്റ്, വീടിൻ്റെ രജിസ്ട്രേഷൻ രേഖ)
- ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (സബ്‌സിഡി ട്രാൻസ്‌ഫറിന് ആവശ്യമാണ്)