അസമിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം :റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: അസമിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 4.17നാണ് ബ്രഹ്മപുത്രയുടെ തെക്കൻ തീരത്തുള്ള മോറിഗാവ് ജില്ലയിൽ 50 കിലോമീറ്റർ താഴ്‌ചയിൽ ഭൂചലനം രേഖപ്പെടുത്തിയത്. സംഭവത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം മധ്യ അസമിൻ്റെ 26.37 N അക്ഷാംശത്തിലും 92.29 E രേഖാംശത്തിലുമാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സമീപ പ്രദേശങ്ങളായ കാംരൂപ് മെട്രോപൊളിറ്റൻ, നാഗോൺ, ഈസ്റ്റ് കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ്, ഹോജായ്, ദിമ ഹസാവോ, ഗോലാഘട്ട്, ജോർഹട്ട്, ശിവസാഗർ, ചരൈഡിയോ, കച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി, ധുബ്രി, സൗത്ത് സൽമാര-മങ്കച്ചാർ, ഗോൾപാറ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു.
കൂടാതെ ബ്രഹ്മപുത്രയുടെ വടക്കൻ തീരത്തുള്ള ദാരംഗ്, തമുൽപൂർ, സോണിത്പൂർ, കാംരൂപ്, ബിശ്വനാഥ്, ഉദൽഗുരി, നൽബാരി, ബജാലി, ബാർപേട്ട, ബക്‌സ, ചിരാംഗ്, കൊക്രഝർ, ബോംഗൈഗാവ്, ലഖിംപൂർ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. മധ്യ-പടിഞ്ഞാറൻ അരുണാചൽ പ്രദേശിൻ്റെ ചില പ്രദേശങ്ങളിലും, മേഘാലയ മുഴുവനായും, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഭൂകമ്പത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.കൂടാതെ അയൽ രാജ്യങ്ങളായ മധ്യ-കിഴക്കൻ ഭൂട്ടാൻ, ചൈനയുടെ ചില ഭാഗങ്ങൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. പൊതുജനങ്ങളോട് ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മധ്യ-പടിഞ്ഞാറൻ അരുണാചൽ പ്രദേശിൻ്റെ ചില പ്രദേശങ്ങളിലും, മേഘാലയിലും, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ ശനിയാഴ്‌ച നേപ്പാളിലെ താപ്പിള്‍ജങ് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 4.6 ആണ് അന്ന് രേഖപ്പെടുത്തിയത്. സീസ്‌മിക് സോണ്‍ നാലിലും അഞ്ചിലുമാണ് നേപ്പാള്‍ വരുന്നത്. ഹിമാലയന്‍ പ്രദേശവും തീവ്ര ഭൂകമ്പസാധ്യതാ മേഖലയിലാണുള്ളത്. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുൻപും അസമിലെ ഗുവാഹത്തിയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് 5.9 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ഉദൽഗുഡി ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നായിരുന്നു റിപ്പോർട്ട്.