'"ആരോപണങ്ങള്‍ തെറ്റാണ്,ഫെമ ചട്ടം ലംഘിച്ചിട്ടില്ല"; പ്രതികരണവുമായി കിഫ്‌ബി

'"ആരോപണങ്ങള്‍ തെറ്റാണ്,ഫെമ ചട്ടം ലംഘിച്ചിട്ടില്ല"; പ്രതികരണവുമായി കിഫ്‌ബി

തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി നോട്ടിസയച്ച സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാം രംഗത്ത്. ഫെമ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് സിഇഒ വ്യക്തമാക്കി. ഇഡി നോട്ടിസിലെ വാദങ്ങള്‍ തെറ്റാണെന്നും മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ ആര്‍ബിഐയുടെ നിയമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഏത് തരം പരിശോധനയ്ക്കും വിധേയമാണെന്നും സിഇഒ പറഞ്ഞു.

ഇഡി ഇടപാടുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും കിഫ്ബി ആരോപിച്ചു. പലപ്പോഴും നോട്ടിസുകള്‍ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടിസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. എന്നാല്‍ നോട്ടിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് മനപൂര്‍വ്വമാണെന്നും കിഫ്‌ബി വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് എന്‍ഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് ശനിയാഴ്‌ച (നവംബര്‍ 29) നോട്ടിസ് അയച്ചു. നേരിട്ടോ അല്ലാതെയോ മറുപടി നൽകണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിക്കൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടിസ് നൽകിയിട്ടുണ്ട്.

വിഷയത്തില്‍ തോമസ്‌ ഐസക്ക് ഇന്നകെ പ്രതികരണവും നടത്തി. മസാല ബോണ്ട് കുത്തിപ്പൊക്കിയ ഇഡി നടപടി തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയെന്ന് തോമസ് ഐസക്‌ പറഞ്ഞു. ബിജെപിക്കും യുഡിഎഫിനും വേണ്ടി തെരഞ്ഞെടുപ്പിൽ പുകമറ സൃഷ്‌ടിക്കാനും പ്രചാരണത്തെ സഹായിക്കാനുമാണ് ഇഡിയുടെ ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മസാല ബോണ്ട് ഇടപാടിൽ അന്വേഷണം തുടങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് കേന്ദ്ര ഏജൻസി നോട്ടിസ് നൽകിയത്. വിശദീകരണം തേടിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും.