ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരൻ കൽപേഷ് എന്നിവർക്ക് ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, സ്വർണക്കടത്തിലെ ഇടനിലക്കാരൻ എന്ന് സംശയിക്കുന്ന കൽപേഷ് എന്നിവർക്ക് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്നും സ്വർണം അടങ്ങിയ കവർ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചു നൽകിയത് കൽപേഷാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കേസിലെ മിനുട്‌സ് രേഖകളിൽ തിരുത്തൽ വരുത്തിയെന്ന ആരോപണമാണ് ജയശ്രീക്കെതിരെ നിലനിൽക്കുന്നത്.അതേസമയം, കേസിൽ ഉൾപ്പെട്ട മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്‍റെയും സാമ്പത്തിക ഇടപാടുകളുടെയും പശ്ചാത്തലത്തിൽ നടൻ ജയറാമിനോട് അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ചെന്നൈയിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നും എന്നാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം അന്ന് വ്യക്തമാക്കിയത്. ശബരിമല ശ്രീകോവിലിലേക്ക് നിർമ്മിച്ച സ്വർണ്ണപ്പാളികൾ വീട്ടിൽ വച്ച് പൂജിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി വിശ്വസിപ്പിച്ചതിനാലാണ് അതിന് സമ്മതിച്ചതെന്നും അദ്ദേഹം മൊഴി നൽകിയിരുന്നു. ജയറാമിനെ കേസിൽ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കമെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം ഇ.ഡി ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കട്ടിളപ്പാളി കേസിൽ ആറാം പ്രതിയും ദ്വാരപാലക പാളി കേസിൽ രണ്ടാം പ്രതിയുമാണ് ഇദ്ദേഹം. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനെത്തുടർന്ന് കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയും മുൻ ദേവസ്വം കമ്മീഷണറുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വാസു സ്വാഭാവിക ജാമ്യത്തിന് അപേക്ഷിച്ചത്.ശബരിമലയിലെ സ്വർണ്ണം ഉരുക്കി മാറ്റിയെന്നത് തന്നെയാണ് കേസിൽ നിർണ്ണായകമെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊഴികളും സ്മാർട്ട് ക്രിയേഷൻസിലെ രേഖകളും ഇതിന് തെളിവായി കോടതിയിൽ ഹാജരാക്കും. ഈ മാസം അവസാനത്തോടെയോ മാർച്ച് ആദ്യവാരമോ കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്.