ബംഗാളില്‍ കേന്ദ്ര ഏജന്‍സിയും പൊലീസും ഏറ്റുമുട്ടലില്‍, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു

കൊല്‍ക്കത്ത: ഐ-പാക് (I-PAC) തലവന്‍ പ്രതീക് ജെയിന്‍റെ വസതിയിലും സ്ഥാപനത്തിന്‍റെ ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനിടെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ശനിയാഴ്ച രാവിലെ ഷേക്സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതീക് ജെയിന്‍റെ ലൗഡൺ സ്ട്രീറ്റിലെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങളും ഡിവിആര്‍ റെക്കോര്‍ഡിംഗുകളും ശേഖരിച്ചു.
റെയ്ഡ് സമയത്ത് വസതിയിലുണ്ടായിരുന്ന ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് ജവാന്മാരെയും തിരിച്ചറിയുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി വീട്ടിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു കഴിഞ്ഞാലുടന്‍ അവര്‍ക്ക് ഹാജരാകാൻ നോട്ടീസ് നല്‍കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.തൃണമൂല്‍ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നല്‍കിയ രണ്ട് പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഷേക്സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലും ബിധാനഗറിലെ ഇലക്ട്രോണിക് കോംപ്ലക്സ് പോലീസ് സ്റ്റേഷനിലുമായി ഇഡി, സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. മോഷണം, അതിക്രമിച്ചു കടക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ കമ്പ്യൂട്ടറിലെ വിവരങ്ങളില്‍ കൃത്രിമം കാണിച്ചതിന് ഐടി ആക്ട് സെക്ഷൻ 66 പ്രകാരവും കേസുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ വ്യാഴാഴ്ച രാത്രി പൊലീസ് സ്വന്തം നിലയിലും (Suo motu) കേന്ദ്ര ഏജന്‍സിക്കെതിരെ കേസെടുത്തിരുന്നു.
റെയ്ഡ് നടപടികളില്‍ കേന്ദ്ര ഏജന്‍സി ഗുരുതരമായ നിയമലംഘനം നടത്തിയെന്നാണ് പോലീസിന്‍റെ ആരോപണം. വ്യാഴാഴ്ച പുലര്‍ച്ചെ 6:15-ന് റെയ്ഡ് ആരംഭിച്ചെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം മാത്രമാണ് ഇഡി ഇമെയില്‍ വഴി പ്രാദേശിക പോലീസിനെ വിവരമറിയിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ റെയ്ഡ് നടന്നിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ സിആർപിഎഫ് ജവാന്മാര്‍ തടഞ്ഞുവെന്നും, ഉദ്യോഗസ്ഥര്‍ക്ക് നേരെ ലാത്തി ഓങ്ങിയെന്നും പൊലീസ് ആരോപിക്കുന്നു.
ഐഡന്റിറ്റി കാർഡുകളോ സെര്‍ച്ച് വാറന്റോ കാണിക്കാൻ റെയ്ഡിനെത്തിയവര്‍ തയ്യാറായില്ലെന്നും പൊലീസിനെ തള്ളിമാറ്റിയെന്നും പരാതിയിലുണ്ട്. തൃണമൂല്‍ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ണായക രേഖകളും ഇലക്ട്രോണിക് ഡാറ്റയും ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന ആരോപണം. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.