ED നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി: "തെറ്റായ വാർത്ത പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും" -സാബു എം. ജേക്കബ്

ED നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി: "തെറ്റായ വാർത്ത പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും" -സാബു എം. ജേക്കബ്

എറണാകുളം: കിറ്റെക്സ് കമ്പനിക്ക് എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റ് ( ഇ.ഡി) നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കമ്പനി എം.ഡി. സാബു എം. ജേക്കബ് സ്ഥിരീകരിച്ചു. അതേസമയം, ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ.യുടെ ഭാഗമായി ട്വന്‍റി-20 മാറിയതെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വർഷത്തെ ബാലൻസ് ഷീറ്റ് ആവശ്യപ്പെട്ട് മെയ് 25-നാണ് നോട്ടീസ് ലഭിച്ചത്. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. തന്നോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളെ അദ്ദേഹം ശക്തമായി എതിർത്തു. തെറ്റായ വാർത്ത പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ച അന്തരിച്ച പി.ടി. തോമസ് എം.എൽ.എ.ക്കെതിരെ നിയമനടപടി തുടങ്ങിയിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ജയിലിലാക്കുമായിരുന്നുവെന്നും സാബു എം. ജേക്കബ് അവകാശപ്പെട്ടു.

കമ്പനിക്കെതിരായ നോട്ടീസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ഇ.ഡി. ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകും. വസ്ത്ര കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ, ഇവിടെനിന്നും കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യമായി പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.തങ്ങൾക്ക് മാത്രമല്ല, കേരളത്തിൽ നൂറോളം കമ്പനികൾക്ക് ഇത്തരത്തിൽ ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപരമായ ഇടപാടുകളിൽ എന്തെങ്കിലും കുറവ് വന്നാൽ നിസാരമായ പിഴ ഈടാക്കാൻ മാത്രമേ അധികൃതർക്ക് കഴിയൂ. ഇ.ഡി.ക്ക് തങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.

ഒരു ഡോളറിന്‍റെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തെളിയിച്ചാൽ കമ്പനി നിങ്ങുടെ പേരിൽ എഴുതിത്തരാമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. ലോകത്തിലെ തന്നെ പ്രമുഖ ഓഡിറ്റ് സ്ഥാപനമാണ് വർഷങ്ങളായി കമ്പനിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത്. കുട്ടികളുടെ വസ്ത്ര കയറ്റുമതി മേഖലയിൽ ലോകത്തെ രണ്ടാമത്തെ വലിയ സ്ഥാപനമാണ് കിറ്റെക്സ്.

എല്ലാ സാമ്പത്തിക ഇടപാടുകളും എസ്.ബി.ഐ. വഴി സുതാര്യമായാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ ഒറ്റക്കെട്ടായി തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ട്വന്‍റി-20 എൻ.ഡി.എ.യുടെ ഭാഗമായതെന്ന് സാബു എം. ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. സാബു എം. ജേക്കബിന്‍റെ കമ്പനിക്കെതിരെ ഇഡി രണ്ടു തവണ നോട്ടിസ് നല്‍കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് തവണ ഇഡി നോട്ടിസ് അയച്ചു. സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് ഇഡി ഓഫിസിലെത്തിയത്. ഇഡിയുടെ കുരുക്ക് മുറുകുന്നതിനിടെയായിരുന്നു ട്വന്‍റി ട്വന്‍റിയുടെ എന്‍ഡിഎ പ്രവേശനം.