സേവ് ബോക്സ് ആപ്പ്തട്ടിപ്പ് : ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി

എറണാകുളം: ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്സിൻ്റെ' മറവിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ശക്തമായ നടപടി. തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം നടന് ലഭിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി.
'സേവ് ബോക്സ് ആപ്പി'ൻ്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.ഈ നിലയിൽ നടന് ലഭിച്ച വലിയൊരു തുക നിക്ഷേപകരെ വഞ്ചിച്ച് നേടിയെടുത്തതാണെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ ജയസൂര്യയെ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസിൽ ജയസൂര്യയെ പ്രതി ചേർത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അന്യേഷണത്തിൽ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം ഒരു കോടി രൂപ എത്തിയതായി ഇഡി കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ സാദിഖ് റഹീമിൻ്റെ അക്കൗണ്ടിൽ നിന്നാണ് ഈ തുക കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാൽ, കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ് ഇതെന്നാണ് ജയസൂര്യ നൽകിയ മൊഴി.
കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്തെടുക്കാം എന്ന വാഗ്ദാനവുമായാണ് സേവ് ബോക്സ് ആപ്പ് പ്രവർത്തനമാരംഭിച്ചത്. തൃശൂർ സ്വദേശിയായ സ്വാഫിഖ് റഹീമാണ് കേസിൽ മുഖ്യ പ്രതി. ലേലത്തിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾ പണം നൽകി കോയിനുകൾ വാങ്ങണമായിരുന്നു. എന്നാൽ പലർക്കും ലേലം ചെയ്ത ഉൽപ്പന്നങ്ങളോ നൽകിയ പണമോ തിരികെ ലഭിച്ചില്ല. തൃശൂരിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ മാത്രം 43 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സെലിബ്രിറ്റികളെ ഉപയോഗിച്ച് വൻതോതിൽ പ്രചാരണം നടത്തിയാണ് സേവ് ബോക്സ് ജനങ്ങളെ ആകർഷിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ബിഡ്ഡിംഗ് ആപ്പ് എന്ന നിലയിലായിരുന്നു ഇതിൻ്റെ പരസ്യങ്ങൾ. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ലഭിച്ച പ്രതിഫലം നിയമപരമാണെന്ന് നടൻ അവകാശപ്പെടുമ്പോഴും തട്ടിപ്പ് പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം.