എടയാർ തീപിടിത്തം : മൃതദേഹവുമായുള്ള സമരം ഫലം കണ്ടു, നഷ്ടപരിഹാരം 15 ലക്ഷം

എടയാർ തീപിടിത്തം : മൃതദേഹവുമായുള്ള സമരം ഫലം കണ്ടു, നഷ്ടപരിഹാരം 15 ലക്ഷം

എറണാകുളം: എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശി മരിച്ച സംഭവത്തിൽ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കമ്പനി ആദ്യം പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയിൽ അതൃപ്തി പ്രകടിപ്പിച്ച് മൃതദേഹം കൈവശംവച്ച് തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് തുക വർധിപ്പിച്ചത്. മരിച്ച ശത്രുകൻ മുഖിയയുടെ കുടുംബത്തിന് തുക കൈമാറാമെന്ന് മാനേജ്മെൻ്റ് ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിച്ചത്.

എടയാർ ജങ്ഷനിൽ നടന്ന പ്രതിഷേധത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും നാട്ടുകാർക്കും ഒപ്പം സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. രാത്രി അഡീഷണൽ ജില്ല മജിസ്ട്രേറ്റും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പുലർച്ചെ 12.30ന് അവസാനിച്ച ചർച്ചയിലാണ് 15 ലക്ഷം രൂപ നൽകാൻ കമ്പനി സമ്മതിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപ ഉടൻ നൽകുമെന്നും ബാക്കി തുക പിന്നീട് അനുവദിക്കുമെന്നും സാമൂഹിക പ്രവർത്തകൻ മഹേഷ് കുമാർ പറഞ്ഞു. തുടർന്ന് പുലർച്ചെ രണ്ടുമണിയോടെ മുഖിയയുടെ മൃതദേഹം ശ്മശാനത്തിൽ സംസ്കരിച്ചു.

ഏതാണ്ട് 22 വർഷമായി എടയാറിലെ സിജി ലൂബ്രിക്കൻ്റ്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബിഹാർ സ്വദേശിയായ ശത്രുകൻ മുഖിയ. ജീവിതത്തിൻ്റെ വലിയൊരു ഭാഗവും ഈ സ്ഥാപനത്തിനായി സേവനം അനുഷ്ഠിച്ച വ്യക്തിക്ക് അഞ്ച് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നൽകുന്നത് പര്യാപ്തമല്ലെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന വാദം. അന്യസംസ്ഥാനങ്ങളിൽനിന്ന് ഉപജീവനം തേടി കേരളത്തിൽ എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് മതിയായ സുരക്ഷയോ ആനുകൂല്യങ്ങളോ ഇത്തരം വ്യവസായ ശാലകൾ നൽകുന്നില്ലെന്ന വ്യാപക പരാതിയും ഇതോടൊപ്പം ശക്തമാണ്.

അതേസമയം സിജി ഫാക്ടറിയിൽ ഫാക്ടറി ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. തീപിടിത്ത അപകടങ്ങൾ തടയുന്നതിനായി തെർമിക് ഫ്ലൂയിഡ് ഹീറ്ററിൻ്റെ കോയിലിൽ മർദ പരിശോധന നടത്താൻ കഴിഞ്ഞ വർഷം ഡിസംബർ 26ന് ഉദ്യോഗസ്ഥർ കമ്പനിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കമ്പനി അധികൃതർ ഈ നിർദേശം പാലിക്കുകയോ പരിശോധന നടത്തുകയോ ചെയ്തില്ല. തുടർന്നാണ് വ്യാഴാഴ്ച ഇതേ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഈ വലിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു. യൂണിറ്റിൽ വകുപ്പിൻ്റെ വിശദമായ പരിശോധന ഉടൻ ആരംഭിക്കും. ഇത് പൂർത്തിയാകുന്നതുവരെ ഫാക്ടറി അടച്ചിടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു.