നമ്മുടെ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയാം

നമ്മുടെ സ്ഥാനാർത്ഥികളുടെ  വിദ്യാഭ്യാസ യോഗ്യതകള്‍  അറിയാം

തിരുവനന്തപുരം: കേരളം  പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ നമ്മുടെ ജനപ്രതിനിധികളായ സ്ഥാനാർത്ഥികളുടെ   വിദ്യാഭ്യാസ യോഗ്യതകള്‍ വോട്ടർമാർ അറിഞ്ഞിരിക്കേണ്ടതുണ്ട് .ആകെ 863 സ്ഥാനാര്‍ത്ഥികളാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.

ഇതില്‍ നിരക്ഷരനായ ഒരേ ഒരാള്‍ മാത്രമേ ഉള്ളൂ. അതേസമയം കഴിഞ്ഞ തവണ നിരക്ഷരരായ നാല് പേര്‍ ജനവിധി തേടിയിരുന്നു. കേവലം എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണം ഏഴാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് പതിനഞ്ച് പേരായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 23 പേരുണ്ട്. കഴിഞ്ഞ തവണ അഞ്ചാംക്ലാസുകാരായ 28 പേര്‍ മത്സരരംഗത്തുണ്ടായിരുന്നു.എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളത് 61 പേര്‍ക്കാണ്. കഴിഞ്ഞ തവണ ഇതേ യോഗ്യതയുള്ള 87 പേര്‍ മത്സരംഗത്ത് ഉണ്ടായിരുന്നു. പത്താംതരം പാസായ 219 പേരാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഈ കണക്ക് 279 ആയിരുന്നു. പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസമുള്ള 111 പേരുണ്ട്. കഴിഞ്ഞ തവണ ഇത് 120 ആയിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 ബിരുദധാരികള്‍ ജനവിധി തേടിയപ്പോള്‍ ഇക്കുറി 143 ബിരുദധാരികളാണ് ഗോദയിലുള്ളത്.  പ്രൊഫഷണല്‍ ബിരുദമുള്ള 120 പേർ മത്സരിക്കുന്നു .കഴിഞ്ഞ തവണ ഇവരുടെ എണ്ണം 132 ആയിരുന്നു. 97 ബിരുദാനന്തര ബിരുദധാരികള്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ ഇക്കുറി മത്സരിക്കുന്ന 117പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. 17പേര്‍ക്ക് ഡോക്‌ടറേറ്റുമുണ്ട്.കഴിഞ്ഞ തവണ മത്സരിച്ചവരില്‍ 15 പേര്‍ക്ക് ഡോക്‌ടറേറ്റ് ഉണ്ടായിരുന്നു. ഡിപ്ലോമക്കാരായ 44 പേരും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ഇവരുടെ എണ്ണം 24 ആയിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച ഒരാള്‍ വിദ്യാഭ്യാസ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരെല്ലാം തന്നെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മുന്‍ വര്‍ഷത്തേതില്‍ നിന്ന് വിദ്യാസമ്പന്നരായ കൂടുതല്‍ പേര്‍ ഇക്കുറി ജനവിധി തേടുന്നുണ്ട് എന്നതും എടുത്ത് പറയേണ്ടതുണ്ട്.