എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി : രാഷ്ട്രപതി ഭവന്‍ മുറ്റത്തിനി സി.രാജഗോപാലാചാരി

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദശാബ്ദങ്ങളായി ഉണ്ടായിരുന്ന ബ്രിട്ടീഷ് ശില്‍പി എഡ്വിന്‍ ല്യൂട്ടന്‍സിന്റെ പ്രതിമ നീക്കി. പകരം സി.രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. ഇന്നലെ 'മന്‍ കി ബാത്ത്' പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ല്യൂട്ടന്‍സ്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷവും രാഷ്ട്രപതി ഭവനില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകള്‍ ഉണ്ടായിരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ കൊളോണിയല്‍ അടയാളങ്ങള്‍ വേണ്ടെന്നും മോദി പറഞ്ഞിരുന്നു.
രാജാജി' എന്നറിയപ്പെടുന്ന രാജഗോപാലാചാരിയുടെ പ്രതിമയുടെ അനാച്ഛാദനത്തിനൊപ്പം ഒരു അനുബന്ധ പ്രദര്‍ശനവും നടക്കുന്നുണ്ട്. നാളെ മുതല്‍ മാര്‍ച്ച് ഒന്ന് വരെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കും. പൊതുജീവിതത്തിലെ രാജഗോപാല്‍ ആചാരിയുടെ സ്വതന്ത്ര ചിന്തയും ആത്മസംയമനം, പെരുമാറ്റം എന്നിവ സമൂഹത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോളനിവല്‍ക്കരണ മനസ്ഥിതിയുടെ ശേഷിപ്പുകള്‍ ഉപേക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് മാറ്റമെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു.

സി. രാജഗോപാലാചാരിആരായിരുന്നു ?
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ച രാജഗോപാലാചാരി സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു . ഇന്ത്യക്കാർക്കെന്നും അദ്ദേഹം രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. 'എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ-എന്നാണ് മഹാത്മാഗാന്ധി രാജാജിയെ വിശേഷിപ്പിച്ചിരുന്നത്.
1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.