മയക്കുമരുന്ന് കഴിപ്പിക്കലും ലൈംഗിക പീഡനവും : സഹപാഠികൾക്കും ഹോസ്റ്റൽ സുപ്രണ്ടിനുമെതിരെ കേസ്

മുംബൈ: നാസിക്കില്‍ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത എട്ട് വിദ്യാർഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് സഹപാഠികളുടെ പീഡനത്തിനിരയായത്. സംഭവത്തില്‍ ഹോസ്റ്റല്‍ സൂപ്രണ്ടിനും ഏഴ് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്.ഭീഷണിപ്പെടുത്തി ലഹരി വസ്‌തുക്കള്‍ കഴിപ്പിച്ചാണ് വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. സാമൂഹിക ക്ഷേമ വകുപ്പ് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം. 2025 ഒക്‌ടോബർ മുതലാണ് വിദ്യാർഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിരകളായത്.കുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചാണ് പീഡിപ്പിച്ചതെന്ന് ഇരകളായ കുട്ടികൾ പറഞ്ഞു. അതിക്രമങ്ങളെക്കുറിച്ച് ഹോസ്റ്റൽ അധികൃതർക്ക് അറിവുണ്ടായിരുന്നതായി പൊലീസും കുട്ടികളുടെ കുടുംബവും പറഞ്ഞു. കുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതർക്ക് പൂർണമായ അറിവുണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്നതിനാലാണ് ഹോസ്റ്റൽ സൂപ്രണ്ട് ദുദ്‌സാഗ്രക്കെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ-ആഗ്ര ഹൈവേയിലുള്ള കടകളിൽ നിന്നാണ് കുട്ടികൾ ലഹരി വസ്‌തുക്കൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
'കട ഉടമകൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കും. ഗൗരവമായ ഈ സംഭവത്തിലെ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഹോസ്റ്റൽ അധികൃതരുടെ പങ്കും അന്വേഷണത്തിന് വിധേയമായിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ഉടൻ അറസ്റ്റ് ഉണ്ടാകും' ഇഗത്പുരി പൊലീസ് ഇൻസ്‌പെക്‌ടർ സരിക അഹിർറാവു പറഞ്ഞു.കുട്ടികൾ അവരുടെ മാതാപിതാക്കളോട് വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഇഗത്പുരി പൊലീസിൽ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹോസ്റ്റലിൽ വിദ്യാർഥികൾക്കുണ്ടായ ഈ സംഭവം തികച്ചും ആശങ്കാജനകമാണെന്ന് സാമൂഹ്യക്ഷേമ വകുപ്പിൻ്റെ അസിസ്റ്റൻ്റ് കമ്മിഷണർ സഞ്ജയ് ഷിൻഡെ പറഞ്ഞു.
'ആകെ 35 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഹോളി അവധിയായതിനാൽ ഫെബ്രുവരി 26 മുതൽ വിദ്യാർഥികളാരും ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ വീടുകളിൽ പോയി. ഇതിനു ശേഷമാണ് വിദ്യാർഥികൾ പീഡനത്തിരയായ വിവരം പുറത്തുവന്നത്. സംഭവം അറിഞ്ഞയുടൻ ഹോസ്റ്റലിൽ നേരിട്ടെത്തി അന്വേഷിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് സമഗ്രമായ അന്വേഷണം നടത്തി വരുന്നു' സഞ്ജയ് ഷിൻഡെ പറഞ്ഞു.ഉടൻ തന്നെ ഹോസ്റ്റൽ അടച്ചുപൂട്ടി മറ്റ് കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. വിദ്യാർഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തെ തുടർന്ന് ജില്ലയിലെ എല്ലാ ഹോസ്റ്റലുകളിലും കാമ്പയിൻ നടത്താനാണ് തീരുമാനമെന്ന് സഞ്ജയ് ഷിൻഡെ കൂട്ടിച്ചേർത്തു.