പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. 13 പേർക്കായി തിരച്ചിൽ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലാണ് തീ പിടിത്തം ഉണ്ടായത്. പുർബ മേദിനിപൂർ ജില്ലയിൽ നിന്നുള്ളവരെയാണ് കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കാണാതായവരുടെ കുടുംബത്തിൻ്റെ പരാതികൾ സ്വീകരിച്ച് നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അപകടത്തിൽ ഗോഡൗണ്‍ ഉടമ ഗംഗാധർ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിർബന്ധിത അഗ്നി സുരക്ഷാ അനുമതിയില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌ത ഗോഡൗണ്‍ ഉടമയെ ബരുയിപൂർ കോടതിയിൽ ഹാജരാക്കും. ആനന്ദപൂരിലെ നസീറാബാദ് പ്രദേശത്തെ ഫാക്‌ടറിയിലും വെയർഹൗസിലും ഞായറാഴ്‌ച രാത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.പുർബ മേദിനിപൂർ ജില്ലയിലെ ഖേജുരി പൊലീസ് സ്റ്റേഷന് സമീപത്തായി പുർബ ഛാരയിലാണ് ഗംഗാധർ ദാസ്‌ താമസിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി അലങ്കാര വസ്‌തുക്കളുടെ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ഇയാൾ. ഖേജുരിയിലെ ഇയാളുടെ വസതി സംഭവത്തിനുശേഷം പൂട്ടിയിരിക്കുകയാണ്.തീപിടിത്ത സ്ഥലം സന്ദർശിച്ച നഗരവികസന മന്ത്രി ഫിർഹാദ് ഹക്കീം, സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. നിർബന്ധിത അഗ്നി സുരക്ഷാ അനുമതിയില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.