തിരഞ്ഞെടുപ്പ് പ്രചാരണം: നിർദ്ദേശങ്ങളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, പ്രചാരണ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. പൊതുറോഡുകളിൽ രാഷ്ട്രീയ പാർട്ടികളോ വ്യക്തികളോ ചിഹ്നങ്ങൾ വരയ്ക്കാനോ, അടയാളങ്ങൾ പതിപ്പിക്കാനോ, പോസ്റ്ററുകൾ ഒട്ടിക്കാനോ പാടില്ലെന്ന് നിർദ്ദേശം . റോഡുകളിൽ വസ്തുക്കൾ തറയ്ക്കുന്നതിനും വിലക്കുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. തിരഞ്ഞെടുപ്പ് കാലത്ത് റോഡുകൾ വികൃതമാക്കുന്ന രീതി പതിവാണെന്നും ഇത് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ഉടനടി നിയമനടപടികൾ സ്വീകരിക്കും.
തിരഞ്ഞെടുപ്പ് സുതാര്യമായും മാതൃകാപരമായും നടത്തുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണം,റോഡ് സുരക്ഷയ്ക്കും ശുചിത്വത്തിനും മുൻഗണന നൽകിക്കൊണ്ട്, സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് മാതൃകാപരമായ ഒരു തിരഞ്ഞെടുപ്പ് കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു