തിരഞ്ഞെടുപ്പുകളിൽ AI ഉള്ളടക്കം നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഐ അധിഷ്‌ഠിത ചിത്രങ്ങളോ വിവരങ്ങളോ ദുരുപയോഗം ചെയ്യരുതെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എതിരാളികൾ എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന വിവിധ പാർട്ടികളുടെ പരാതികൾക്ക് പിന്നാലെയാണ് കമ്മിഷൻ്റെ നിര്‍ദേശം.
രാഷ്ട്രീയ പ്രചാരണങ്ങളിൽ എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ദുരുപയോഗം ചെയ്യുന്നത് ഗുരുതര ഭീഷണി ഉയര്‍ത്തുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവ ശ്രദ്ധയില്‍ പെട്ടാല്‍, അല്ലെങ്കില്‍ റിപ്പോർട്ട് ചെയ്‌താല്‍ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
പാർട്ടികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിച്ചിട്ടുള്ള കൃത്യമായ ലേബല്‍ ഇല്ലാത്ത, എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രം, ഓഡിയോ, വീഡിയോ എന്നിവയ്‌ക്കു പുറമേ തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച ഉള്ളടക്കം എന്നിവ ശ്രദ്ധയിൽ പെട്ടാലും നീക്കം ചെയ്യും.അതേസമയം, പ്രചാരണങ്ങൾക്കായി ഏതെങ്കിലും തരത്തിലുള്ള എഐ ചിത്രം, ശബ്‌ദം, അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 'എഐ-ജനറേറ്റഡ്', 'ഡിജിറ്റലി എൻഹാൻസ്‌ഡ്' അല്ലെങ്കിൽ 'സിന്തറ്റിക് ഉള്ളടക്കം' എന്ന വ്യക്തമായ ലേബൽ നല്‍കണമെന്നും പാർട്ടികള്‍ക്ക് കമ്മിഷൻ നിർദേശം നൽകി.പ്രദർശിപ്പിക്കുന്ന ഡിസ്പ്ലേ ഏരിയയുടെ 10 ശതമാനത്തോളം ഭാഗത്ത് ലേബല്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കണം. വീഡിയോയുടെ കാര്യത്തിൽ ലേബൽ മുകള്‍ഭാഗത്തായാണ് പ്രദര്‍ശിപ്പിക്കേണ്ടത്. എഐ കൊണ്ട് നിര്‍മിച്ച എല്ലാ ഉള്ളടക്കങ്ങളുടെയും വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് പാനൽ ആവശ്യപ്പെടുമ്പോൾ ഇവ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ പാർട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.2024 മെയ് മാസത്തിലും ഈ വർഷം ജനുവരിയിലും തെരഞ്ഞെടുപ്പ് അധികൃതർ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് മുന്‍ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. രാഷ്‌ട്രീയ നേതാക്കള്‍ എഐ ഉപയോഗിച്ച് സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് സമനില ഇല്ലാതാക്കുന്നുവെന്ന് ഉപദേശക സമിതി അഭിപ്രായപ്പെട്ടു.കൃത്രിമമായി സൃഷ്‌ടിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും വലിയ വെല്ലുവിളിയും ഭീഷണിയും ആവുന്നുണ്ടെന്ന് പാർട്ടി പ്രസിഡൻ്റുമാർ, ചെയർപേഴ്‌സൺമാർ, ജനറൽ സെക്രട്ടറിമാർ എന്നിവര്‍ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പാനൽ ഉപദേശം നൽകിയത്.
ഇനി മുതൽ എല്ലാ തരം എഐ ഉള്ളടക്കവും മെറ്റാഡാറ്റയിലോ അനുബന്ധ അടിക്കുറിപ്പിലോ വ്യക്തമായി ലേബല്‍ ചെയ്‌ത് നല്‍കേണ്ടി വരും. നിയമവിരുദ്ധമായതോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ സാധ്യതയുള്ള രീതിയിലോ ഏതെങ്കിലും വ്യക്തിയുടെ ഐഡൻ്റിറ്റി, രൂപം അല്ലെങ്കിൽ ശബ്‌ദം എന്നിവ അദ്ദേഹത്തിൻ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യരുതെന്നും കമ്മിഷൻ്റെ കർശന നിർദേശമുണ്ട്.നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 243 സീറ്റുകളുള്ള പുതിയ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.