വോട്ടർമാർക്കായി ആപ്പുകൾ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും സി വിജില്‍, സുവിധ ആപ്പുകള്‍ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് 'സി വിജില്‍' ആപ് ഉപയോഗപ്പെടുത്താം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ നടത്തുന്നതിനായി ഇലക്ഷന്‍ കമീഷന്‍ ആരംഭിച്ച ഡിജിറ്റല്‍ സംവിധാനമാണ് സുവിധ ആപ്പ്. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു ആപ്പുകളും പൂര്‍ണ സജ്ജമായതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
'സി വിജില്‍'
തെരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാകും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
സുവിധ
പ്രധാനമായും സ്ഥാനാര്‍ത്ഥികൾക്കും രാഷ്ട്രീയ പാര്‍ട്ടികളുള്‍ക്കുമാണ് സുവിധ ആപ്പ് ഗുണം ചെയ്യുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിന്റെ പ്രധാന ലക്ഷ്യം. റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാന്‍ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയവ ഇതുവഴി ലഭ്യമാകും.