സുരേഷ്ഗോപിയുടേത് ചട്ടലംഘന മല്ല, ലോക്‌സഭ- നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് വ്യത്യസ്‌ത അധികൃതർ

സുരേഷ്ഗോപിയുടേത് ചട്ടലംഘന മല്ല, ലോക്‌സഭ- നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് വ്യത്യസ്‌ത അധികൃതർ

തിരുവനന്തപുരം: ലോക്‌സഭ-നിയമസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നമുക്ക് വ്യത്യസ്‌ത ഇടങ്ങളില്‍ വോട്ട് ചെയ്യാമോ? കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്‌തമംഗലം വാര്‍ഡിലും വോട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് ഈ വിഷയം വീണ്ടും ചൂടന്‍ ചര്‍ച്ച ആയിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ഔദ്യോഗിക വിശദീകരണം?

ലോക്‌സഭ തെരഞ്ഞെുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനുമുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നത് ഇലക്‌ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ്. 1950-51ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ഇത് തയാറാക്കുന്നത്. അതേസമയം തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷനുകളാണ്. കേരള പഞ്ചായത്ത് രാജ് -നഗരപാലിക നിയമങ്ങള്‍ പോലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയാറാക്കുന്നത്.രണ്ട് വ്യത്യസ്‌ത അതോറിറ്റികള്‍ തയാറാക്കുന്നത് കൊണ്ട് തന്നെ ഒരു വ്യക്തിക്ക് രണ്ട് പട്ടികയില്‍ രണ്ടിടങ്ങളില്‍ വോട്ട് ഉണ്ടാകുക സ്വഭാവികമാണെന്നും ഇതില്‍ യാതൊരു നിയമ പ്രശ്‌നങ്ങളും ഉദിക്കുന്നില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്‌ട താമസ രേഖകള്‍ ഉണ്ടെങ്കില്‍ ആളുകളെ പട്ടികയിലുള്‍പ്പെടുത്താനാകും.അതേസമയം ഒരാളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നിര്‍ദ്ദിഷ്‌ട കാലയളവില്‍ സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണമെന്ന വ്യവസ്ഥയൊന്നും ഇല്ല. തെരുവില്‍ കഴിയുന്നവര്‍ പോലും ഒന്നോ രണ്ടോ ദിവസം ആ പരിസരത്തൊക്കെ ഉണ്ടെങ്കില്‍ അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാകുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഇവരും രാജ്യത്തെ പൗരന്‍മാരാണന്നും ഇവര്‍ക്കും ജനാധിപത്യത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നുമാണ് അധികൃതര്‍ ഇത്തരത്തില്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വൈദ്യുതി ബില്‍ അടച്ചതിന്‍റെ പട്ടിക പോലും രേഖയായി ഹാജരാക്കിയാല്‍ വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തണമെന്ന  സ്റ്റാറ്റ്യൂട്ടും നിലവിലുണ്ട്. ഇത്തരത്തില്‍ പട്ടികയിലുള്‍പ്പെടുന്നതില്‍ യാതൊരു ചട്ടലംഘനും ഇല്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലോ പാര്‍മെന്‍റ് തെരഞ്ഞെുപ്പിലോ പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ ഒരേ സമയം തന്നെ പലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കുന്നത് ഇരട്ട വോട്ടായി കണക്കാക്കുന്നു അത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. എന്നാല്‍ മാനുഷിക പിഴവുകള്‍ മൂലം ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും പലരും പലയിടങ്ങളിലെയും വോട്ടര്‍ പട്ടികയില്‍ കടന്ന് കൂടുന്നതായും കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ക്രമക്കേടുകള്‍ക്ക് ഇടയാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ക്ക് ചെയ്യാനാകുക എന്നും കമ്മീഷന്‍ പറയുന്നു. ഒന്നിലേറെ ഇടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തികള്‍ അവിടെയെല്ലാം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം രാഷ്‌ട്രീയ കക്ഷികളും ശ്രദ്ധിക്കാറുണ്ട്.

വ്യത്യസ്‌ത നിയമ ചട്ടക്കൂടുകളിലാണ് തദ്ദേശ- ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി ഗോപാലകൃഷ്‌ണനും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. സുരേഷ് ഗോപി വിഷയം ഉയര്‍ത്തുന്നത് വെറും വിവാദത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍കാല തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സുരേഷ് ഗോപി തിരുവനന്തപുരം ശാസ്‌തമംഗലം വാര്‍ഡിലെ വോട്ടറാണ്. അത് കൊണ്ട് ഇക്കുറിയും അദ്ദേഹം വോട്ടര്‍ ആയി. ലോക്‌സഭതെരഞ്ഞെടുപ്പിന് അദ്ദേഹം തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെങ്കിലും ഇവിടുത്തെ തദ്ദേശ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തിട്ടില്ല. അത് കൊണ്ട് ഇവിടെ വോട്ട് ചെയ്യുന്നതിന് യാതൊരു തടസവും അദ്ദേഹത്തിനില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.