കോർപ്പറേഷൻ- മുൻസിപാലിറ്റികളിലേക്കുള്ള അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പഞ്ചായത്തുകളിൽ നാളെ

കോർപ്പറേഷൻ- മുൻസിപാലിറ്റികളിലേക്കുള്ള അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പഞ്ചായത്തുകളിൽ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നീ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് ) നടക്കും.  മേയർ, ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ നടക്കുക. ഉച്ചക്ക് 2.30 ന് ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ എന്നീ തെരഞ്ഞെടുപ്പുകൾ നടക്കും.അതേസമയം പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. കണ്ണൂർ, കൊച്ചി, തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫും കോഴിക്കോട് എൽഡിഎഫും തിരുവനന്തപുരത്ത് ബിജെപിക്കുമാണ് മേയർ പദവി.

തലസ്ഥാനത്തെ നയിക്കാൻ ബിജെപി

തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സ്വതന്ത്ര സ്ഥാനാർഥി പാറ്റൂർ രാധാകൃഷ്‌ണൻ ബിജെപിക്ക് പിന്തുണ നൽകിയതോടെ നിലവിൽ 100 ആംഗ കൗൺസിലർമാരുള്ള ബിജെപിക്ക് 51 പേരുടെ പിന്തുണയായി.

തിരുവനന്തപുരത്ത് വിവി രാജേഷ് മേയർ സ്ഥാനാർഥിയാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാകും. എബിവിപിയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ വി വി രാജേഷ് എബിവിപിയുടെ നെടുമങ്ങാട് താലൂക്ക് പ്രസിഡണ്ടായിരുന്നു. പൂജപ്പുര വാര്‍ഡില്‍ നിന്ന് 2010 ലും 2015 ലും വി വി രാജേഷ് ജയിച്ചു കയറി. രണ്ടു തവണയും പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ കൗണ്‍സിലിലെ തീപ്പൊരി നേതാവായിരുന്നു വി വി രാജേഷ്.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍, സംസ്ഥാന സെക്രട്ടറി , വക്താവ് സ്ഥാനങ്ങളും വി വി രാജേഷ് വഹിച്ചു. പാര്‍ലമെന്‍ററി രംഗത്തും രാഷ്ട്രീയ സംഘടനാ രംഗത്തും സമര രംഗത്തും ഒരു പോലെ പരിചയമുള്ള രാജേഷിനെ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് പാര്‍ട്ടി കേരളത്തിലെ ആദ്യ മേയറായി പരിഗണിച്ചത്.മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നുണ്ട്. ആർ പി ശിവജി എൽഡിഎഫിനായും കെ എസ്‌ ശബരിനാഥൻ യുഡിഎഫിനായും മത്സരിക്കുന്നുണ്ട്. മറ്റൊരു സ്വതന്ത്രനായ സുധീഷ്‌ കുമാർ ആരെ പിന്തുണക്കുമെന്ന് വ്യക്തമായിട്ടില്ല.

പാലയിൽ ചേയർപേഴ്‌സണായി 21കാരി

പാലാ നഗരസഭ പുളിക്കകണ്ടം കുടുംബത്തിലെ മൂന്നു കൗൺസിലർമാരുടെ പിന്തുണ യുഡിഎഫിന്. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണായി മത്സരിക്കുമെന്നാണ് സൂചന. ഇതോടെ ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് (എം) പ്രതിപക്ഷ സ്ഥാനത്താകും.ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. ഇതോടെ 21 കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും.

പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിൻ്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുൻ്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്‌തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കകണ്ടത്തിൻ്റെ മക്കളാണ് ബിനുവും ബിജുവും.