തലശ്ശേരിക്ക് പുതിയ തിളക്കം നൽകുന്ന 'കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ': അഡ്വ. എ.എൻ. ഷംസീർ തറക്കല്ലിട്ടു

കണ്ണൂർ : വിനോദസഞ്ചാര ഭൂപടത്തിൽ തലശ്ശേരിക്ക് പുതിയ തിളക്കം നൽകുന്ന 'കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ' പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി നഗരത്തിന്റെ ദീർഘകാല സ്വപ്നമാണെന്നും ഭാവിയിൽ ഇതൊരു പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കർ പറഞ്ഞു.
എലിവേറ്റഡ് വാക് വേയും ചരിത്രമുറങ്ങുന്ന കടല്‍പ്പാലം മുതല്‍ ജവഹര്‍ ഘട്ട് വരെയുള്ള പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനെ ഇ പി സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.കിഫ്ബി സഹായത്തോടെയാണ് തലശ്ശേരി മണ്ഡലത്തില്‍ കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തിയും നടപ്പാക്കുന്നത്.
1910-ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി നിർമ്മിച്ച ചരിത്രപ്രസിദ്ധമായ കടൽപ്പാലത്തിന്റെ ദൃശ്യഭംഗി നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികൾക്കായി ആധുനികമായ നടപ്പാത ഒരുക്കുക എന്നലക്ഷ്യത്തി ലാണ് നിർമ്മാണം ആരംഭിക്കുന്നത്.
ജവഹർഘട്ടിൽ നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഷഹാനസ് മൻസൂർ, ടി.എം. റുക്സീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, കെ.സി. ശ്രീനിവാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധി അഡ്വ. എം.എസ്. നിഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചരിത്രവും കടൽക്കാഴ്ചയും കോർത്തിണക്കുന്ന ഈ എലിവേറ്റഡ് വാക്ക് വേ നഗരത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും.