കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലും റെയിൽവേയിലും തൊഴിലവസരങ്ങൾ

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലും റെയിൽവേയിലും തൊഴിലവസരങ്ങൾ

തിരുവനന്തപുരം :കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) തസ്‌തികയില്‍ (കാറ്റഗറി നമ്പര്‍ 378/ 2025) സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. തസ്‌തിക മാറ്റം മുഖേനയാണ് നിയമനം. ആകെ 21 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകര്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവരോ അല്ലെങ്കില്‍ അപ്രൂവ്‌ഡ് പ്രൊബേഷണറോ ആയിരിക്കണം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 59,100 രൂപ മുതല്‍ 1,17,400 രൂപ വരെയായിരിക്കും ശമ്പളം ലഭിക്കുക. പ്രായപരിധി ഈ തസ്‌തികയുടെ നിയമനത്തിന് ബാധകമല്ല. അപേക്ഷകര്‍ ഓഫിസ് മേലാധികാരിയില്‍ നിന്നും ഹോര്‍ഡില്‍ റെഗുലര്‍ സര്‍വീസിലാണെന്ന് തെളിയിക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. https://keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 19 ആണ് തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം സ്വന്തം പ്രോഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്‌തുത തസ്‌തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷന്‍ ലിങ്കിലെ Apply Nowൽ മാത്രം click ചെയ്യുക. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പുവരുത്തുകയും വേണം.


സ്റ്റേഷന്‍ മാസ്‌റ്റര്‍ തസ്‌തികയിലും ഒഴിവ്: ഇന്ത്യന്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്‌റ്റര്‍ തസ്‌തികയിലും ഒഴിവുകള്‍. സ്റ്റേഷന്‍ മാസ്‌റ്റര്‍ തസ്‌തികകളിലെ നിയമത്തിന് റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 615 ഒഴിവുകളാണുള്ളത്.

നിയമനം ലഭിക്കുന്നവര്‍ക്ക് 35,400 രൂപ മുതല്‍ 1,12,400 രൂപ വരെയാണ് ശമ്പളം. അതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. സര്‍വകലാശാല ബിരുദമുള്ളവര്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 18 വയസിനും 33 വയസിനും ഇടയില്‍. പിന്നാക്ക വിഭാഗത്തിനും പട്ടിക ജാതി/വര്‍ഗ വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും യഥാക്രമം 3/5/10 വയസ് ഇളവുണ്ട്. ഭിന്നശേഷിക്കാരിൽ പിന്നാക്കം/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 13/ 15 വയസിന്‍റെയും ഇളവ് ലഭിക്കും.ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി,ഡി കാറ്റഗറിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 40 വയസ് വരെ അപേക്ഷ സമര്‍പ്പിക്കാം. വനിതകള്‍, വിധവകള്‍, വിവാഹ മോചനത്തിന് ശേഷം പുനര്‍വിവാഹം ചെയ്‌തിട്ടില്ലാത്തവര്‍ എന്നിവര്‍ക്ക് 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിലെ പിന്നാക്ക വിഭാഗത്തിന് 38 വയസ് വരെയും പട്ടിക വിഭാഗത്തിന് 40 വയസ് വരെയും അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ വഴിയാണ് നിയമനം.ഒന്നാം ഘട്ട പരീക്ഷയില്‍ 90 മിനിറ്റ് സമയം അനുവദിക്കും. ഒരു മാര്‍ക്ക് വീതമുള്ള 100 ചോദ്യങ്ങളാണ് ഉണ്ടാകുക. ജനറല്‍ അവര്‍നേസ്, മാത്തമാറ്റിക്‌സ്‌, ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ് എന്നിവ ഉള്ളപ്പെട്ടതായിരിക്കും ചോദ്യം പേപ്പര്‍.തെറ്റ് ഉത്തരത്തിന് ഓരോന്നിനും 1/3 മാര്‍ക്ക് നെഗറ്റീവ് ആകും. ഒന്നാംഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടത്തിലേക്ക് അവസരം ലഭിക്കും. രണ്ടാം ഘട്ട പരീക്ഷക്കും 90 മിനിറ്റ് സമയമാണ് ലഭിക്കുക. ഓരോ മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങളാണ് ഉണ്ടാകുക. ഈ പരീക്ഷയിലും 1/3 നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും.രണ്ടാം ഘട്ടത്തിലും വിജയിക്കുന്നവര്‍ക്ക് മൂന്നാം ഘട്ടത്തിലേക്ക് അവസരം ഒരുങ്ങും. കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റാണിത്. പരീക്ഷകളുടെ മാര്‍ക്ക് യഥാക്രമം 70:30 റേഷ്യോയില്‍ വെയ്‌റ്റേജ് കണക്കാക്കി അവസാന പ്രവേശന ലിസ്റ്റ് തയ്യാറാക്കും. പരീക്ഷയ്‌ക്കുള്ള അപേക്ഷ ഫീസ് നവംബര്‍ 22 വരെ അടയ്‌ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ http://rrbapply.gov.in സന്ദര്‍ശിക്കുക. ഇമെയില്‍ [email protected] കൂടാതെ 9592001188, 01725653333 എന്ന നമ്പറിലും ബന്ധപ്പെടാം.