“എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ്”- ഉപരാഷ്ട്രപതി സി. പി.രാധാകൃഷ്ണൻ പ്രകാശനം ചെയ്‌തു
തിരുവനന്തപുരം/മുംബൈ: പ്രവാസി മലയാളികളായ പൂനെ നിവാസി പ്രൊഫ.ഡോ. പ്രകാശ് ദിവാകരനും,മുംബൈ നിവാസിയായ ഡോ.സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച "എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് - ശ്രീ നാരായണ ഗുരുസ് ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡവലപ്പ്മെന്റ് " എന്ന കൃതി ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണൻ കേരള ഗവർണ്ണർ രാജേന്ദ്ര അലർകാർക്കു നൽകി പ്രകാശംചെയ്‌തു . തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു ശിവഗിരിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലാണ് പുസ്തക പ്രകാശനം നടന്നത്.
തദവസരത്തിൽ സോഹോ കോര്പറേഷൻ ചീഫ് സയന്റിസ്റ്റും സഹ സ്ഥാപകനുമായ ശ്രീധർ വെമ്പു,ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഖജാൻജി ശാരദാനന്ദ സ്വാമികൾ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി എം.ബി രാജേഷ്, ഡോക്ടർ ശശി തരൂർ, ഡോ.ഏ.വി.അനൂപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഗുരു :കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ആധുനിക ദാർശിനികൻ
ആഗോള ശ്രദ്ധ നേടിയ “Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress” എന്ന പുസ്‌തകംരചിച്ച പ്രൊഫ.ഡോ.പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച രണ്ടാമത്തെ കൃതിയാണ് “Empowering Minds. Transforming Lives: Sree Narayana Guru’s Philosophy of Education & Skill Development”. ഈ ഗ്രന്ഥം ശ്രീ നാരായണ ഗുരുവിനെ ഒരു സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച്, വിദ്യാഭ്യാസം,നൈപുണ്യവികസനം,മാനവ പുരോഗതി എന്നിവയിൽ കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നു. ശാസ്ത്രവും, ജ്ഞാനവും, തൊഴിലും,സാമൂഹിക പരിവർത്തനവും ആത്മീയതയും സമന്വയിപ്പിക്കുന്ന ഗുരുവിന്റെ സമഗ്ര ദർശനമാണ് പുസ്തകത്തിന് ആധാരം.വിദ്യാഭ്യാസവും തൊഴിൽപരമായ പരിശീലനവും സംബന്ധിച്ച ഗുരുവിൻ്റെ ആശയങ്ങളുടെ കാലാതീതമായ പ്രസക്തി പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.
കോളനിയൽ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകിയിരുന്ന കാലഘട്ടത്തിൽ, അക്കാദമിക് പഠനത്തോടൊപ്പം ശാസ്ത്ര, സാങ്കേതിക, കൈത്തൊഴിൽ നൈപുണ്യങ്ങൾ ഏകീകരിച്ച സമഗ്ര വിദ്യാഭ്യാസ സംവിധാനത്തിൻ്റെ ആവശ്യകത ഗുരു ദർശിച്ചിരുന്നു.1927-ൽ ഗുരു ആസൂത്രണം ചെയ്ത ശിവഗിരി ഫ്രീ ഇൻഡസ്ട്രിയൽ & അഗ്രികൾച്ചറൽ ഗുരുകുല ഈ ദൂരദർശിത്വത്തിൻ്റെ അതുല്യമായ സാക്ഷ്യമാണ്. വൊക്കേഷണൽ വിദ്യാഭ്യാസം ദേശീയവും ആഗോളവുമായ വിഷയമാകുന്നതിനു പല ദശകങ്ങൾ മുൻപേ, ഗുരു അതിൻ്റെ മഹത്വം മനസ്സിലാക്കി.1968-ലെ കോത്താരി കമ്മീഷൻ്റെ ശുപാർശകൾക്കുശേഷമാണ് ഇന്ത്യ ഔപചാരികമായി വൊക്കേഷണൽ വിദ്യാഭ്യാസത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ ലോകത്തിന്റെ'സ്‌കില്ലിംഗ് ക്യാപിറ്റൽ' ആകാനുള്ള ദൗത്യത്തിലേക്ക് മുന്നേറുന്ന ഈ ഘട്ടത്തിൽ, ശ്രീനാരായണ ഗുരുവിൻ്റെവിദ്യാഭ്യാസ ദർശനം ഒരു ചരിത്ര സ്മരണയല്ല, മറിച്ച് 21-ാം നൂറ്റാണ്ടിലെ നീതിയുക്തവും കരുണാപൂർണവും നൈപുണ്യ സമ്പന്നവുമായ സമൂഹം നിർമ്മിക്കാൻ സഹായിക്കുന്ന ഒരു ബ്ലൂപ്രിന്റാണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു

