ഇഎംഎസിൻ്റെ മകൾ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ശിശു രോഗ വിദഗ്‌ധയും ഐക്യ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മകളുമായ ഡോ. മാലതി ദാമോദരന്‍(87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിച്ചു വന്ന ഡോ. മാലതി ഇന്ന് പുലര്‍ച്ചെ മൂന്നിന് ശാസ്തമംഗലത്തെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച ശേഷം അവിടെനിന്നു വിരമിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്തു. ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട് സര്‍ക്കിളിൻ്റെ പ്രവര്‍ത്തകയായിരുന്നു.
പ്രമുഖ ശാസ്ത്രജ്ഞന്‍ പരേതനായ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍:പ്രൊഫ. സുമംഗല(ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപിക), ഹരീഷ് ദാമോദരന്‍(ഇന്ത്യന്‍ എക്‌സ്പ്രസ് റൂറല്‍ എഡിറ്റര്‍). ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാര കർമ്മങ്ങൾ നാളെ (സെപ്തംബര്‍ 28) ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഡോ. മാലതിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.മഹാനായ അച്ഛൻ്റെ ജീവിതാദര്‍ശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ അച്ഛൻ്റെയോ ഭര്‍ത്താവിൻ്റെയോ മേല്‍വിലാസത്തില്‍ അല്ല അറിയപ്പെടേണ്ടതെന്ന ഇഎംഎസിൻ്റെ കാഴ്ചപ്പാട് അവര്‍ ജീവിതത്തില്‍ പകര്‍ത്തി.