എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന്   പ്രധാനമന്ത്രി  രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

കൊൽക്കത്ത: എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെട്ടതിൽ വിവാദം കത്തിക്കയറുകയാണ്. അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ പോലും വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് ഇത് കാരണമാവുകയും ചെയ്‌തു. അതിനിടയിലാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ ഛത്ര പരിഷത്തും (ടിഎംസിപി) സ്‌റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എസ്എഫ്ഐ) രംഗത്തെത്തിയത്.

എപ്‌സ്‌റ്റീൻ ഫയൽ പുറത്ത് വന്നതോടെ രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഒരേയൊരു 'ലോക പൈതൃക' സർവകലാശാലയിലെ ചാൻസലർ സ്ഥാനത്തിൻ്റെ പ്രശസ്‌തിക്ക് കോട്ടം സംഭവിച്ചതായി വിദ്യാർഥി യൂണിയനുകൾ പറഞ്ഞു. അതേസമയം ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന ആവശ്യം പുതിയ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.ഒരു ഇ-മെയിൽ സന്ദേശത്തിൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീൻ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോദി തന്‍റെ ഉപദേശം സ്വീകരിച്ചാണ് ഇസ്രയേൽ പോയതെന്നാണ് മെയിലിൽ എപ്‌സ്‌റ്റീൻ പറയുന്നത്. പിന്നാലെ ഇത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. വിഷയം പാർലമെൻ്റിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അതേസമയം ഇത്തരം പരമാർശത്തെ തള്ളിക്കളയുകയാണ് ബിജെപിയും മറ്റ് നേതാക്കളും.

2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചാണ് ഫയലുകളിൽ പരാമർശിക്കുന്നത്. ഒരു ഇ- മെയിലിൽ മോദി തൻ്റെ നിർദേശ പ്രകാരമാണ് ഇസ്രയേൽ സന്ദർശിച്ചെന്ന എപ്‌സ്‌റ്റീൻ്റെ പരാമർശമാണ് വിവാദത്തിന് തിരി തെളിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇത് പൂർണമായും തള്ളിക്കളഞ്ഞു. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അസംബന്ധമായ ചിന്താഗതികളാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എപ്‌സ്‌റ്റീൻ ഫയലുകളിൽ നിന്ന് പ്രധാനമന്ത്രിയേയും അദ്ദേഹത്തിൻ്റെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഒരു ഇമെയിൽ സന്ദേശത്തിൻ്റെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. 2017 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചുള്ള വസ്‌തുതയ്ക്ക് പുറമേ, ഇ-മെയിലിലെ ബാക്കി പരാമർശങ്ങൾ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അനുമാനങ്ങൾ മാത്രമാണ്, അത് അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു പ്രസ്‌താവനയിൽ പറഞ്ഞു.

2017 ജൂലൈ 9ന് ജാബോർ വൈ എന്നയാൾക്ക് എപ്‌സ്‌റ്റീൻ അയച്ചതായി പറയപ്പെടുന്ന ഇമെയിൽ സന്ദേശത്തിലാണ് മോദിയുടെ പേര് പറയുന്നത്. "ഇന്ത്യൻ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡൻ്റിൻ്റെ നേട്ടത്തിനായി തൻ്റെ ഉപദേശ പ്രകാരം ഇസ്രയേലിൽ പോകുകയും നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്‌തു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അവർ കണ്ടുമുട്ടിയിരുന്നു. അത് വിജയിച്ചു!" ഇങ്ങനെയാണ് ഇ-മെയിലിൽ പരാമർശിച്ചിട്ടുള്ളത്. എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതായി കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ന്യൂയോർക്കിലെ ഒരു സ്‌കൂളിലെ അധ്യാപനായിരുന്നു ജെഫ്രി എപ്‌സ്‌റ്റീൻ. പിന്നീട് ജോലി ഉപേക്ഷിക്കുകയും ജെ എപ്‌സ്‌റ്റീൻ ആൻഡ് കോ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു. കുറച്ച് കാലം കൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, എപ്‌സ്‌റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്‌തു.

എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങൾ എപ്‌സ്‌റ്റീനെതിരെ ഉയർന്നു വന്നു. പിന്നാലെ 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്‌റ്റീൻ കുറ്റം സമ്മതിക്കുകയും ചെയ്‌തു. തുടർന്ന് 18 മാസത്തെ തടവിന് ശിക്ഷിച്ചു. 2019 ജൂലൈ 24ന് എപ്‌സ്‌റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇതിനിടയിലാണ് ട്രംപും എപ്‌സ്‌റ്റീനും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന ഇമെയിലുകൾ പുറത്തുവരുന്നത്. ജെഫ്രി എപ്‌സ്‌റ്റീൻ്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് ഇ മെയിലിൻ്റെ സാരാംശം. അതേസമയം ട്രംപും എപ്‌സ്‌റ്റീനും തമ്മിൽ പരിചയം ഉണ്ടായിരുന്നെങ്കിലും 2006ന് മുമ്പ് തന്നെ അത് അവസാനിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു.