എറണാകുളം ലോക്കോ ഷെഡ് പൂട്ടില്ല, ആധുനികവൽക്കരിക്കും; മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി റെയിൽവേ മന്ത്രി

എറണാകുളം ലോക്കോ ഷെഡ് പൂട്ടില്ല, ആധുനികവൽക്കരിക്കും; മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി റെയിൽവേ മന്ത്രി

തിരുവനന്തപുരം: എറണാകുളം ഡീസൽ ലോക്കോ ഷെഡ് നിർത്തലാക്കാൻ പദ്ധതിയില്ലെന്നും പകരം ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ അവിടെ നടപ്പിലാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.ലോക്കോ ഷെഡ് അടച്ചുപൂട്ടാനുള്ള നീക്കം റെയിൽവേ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളുടെ സുഗമമായ പ്രവർത്തനത്തിന് എറണാകുളം ലോക്കോ ഷെഡ് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഡീസൽ എൻജിനുകളുടെയും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ബ്രേക്ക് ഡൗൺ വാഹനങ്ങളുടെയും അറ്റകുറ്റപ്പണികൾക്കായി ഈ കേന്ദ്രം തുടർന്നും പ്രവർത്തിക്കും.

ലോക്കോ ഷെഡ് അടച്ചുപൂട്ടുന്നതിന് പകരം അത്യാധുനികമായ ഇലക്ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാൻ സാധിക്കുന്ന തരത്തിൽ കേന്ദ്രത്തെ ഉയർത്താനുള്ള റോഡ്മാപ്പ് റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. റെയിൽവേയുടെ ഭാവി ആവശ്യങ്ങൾ കൂടി പരിഗണിച്ച് ഇലക്ട്രിക് ലോക്കോമോട്ടീവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

പുത്തൻ സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കുന്നതോടെ കേരളത്തിന്‍റെ ഗതാഗത ശൃംഖലയിൽ എറണാകുളം ഒരു പ്രധാന ഹബ്ബായി തുടരുമെന്ന് റെയിൽവേ മന്ത്രി തന്‍റെ മറുപടിയിൽ ആവർത്തിച്ചു. ലോക്കോ ഷെഡിന്‍റെ ഭാവി സംബന്ധിച്ച് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും നിലനിന്നിരുന്ന ആശങ്കകൾ പരിഹരിക്കുന്നതാണ് കേന്ദ്രത്തിന്‍റെ ഈ വ്യക്തമാക്കൽ.

എറണാകുളം ലോക്കോ ഷെഡിന്‍റെ കാര്യത്തിൽ ആശ്വാസകരമായ നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ബജറ്റില്‍ അവഗണന നേരിട്ടിരുന്നു. കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ ഇടനാഴിയോ സമാനമായ മറ്റ് വൻകിട റെയിൽ പദ്ധതികളോ അനുവദിച്ചിരുന്നില്ല. കെ-റെയിൽ ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്‍റെ ശുപാർശകൾ പരിഗണനയിൽ ഉണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ബജറ്റിൽ തുക നീക്കിവെക്കാത്തത് കേരളത്തിന്‍റെ ദീർഘകാല റെയിൽവേ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരുന്നു.നിലവിലുള്ള സംവിധാനങ്ങൾ പരിഷ്കരിക്കുമെന്ന ഉറപ്പ് ലഭിക്കുമ്പോഴും പുതിയ അതിവേഗ പാതകളുടെ കാര്യത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാത്തത് സിപിഎം രാഷ്ട്രീയമായി ഉയര്‍ത്തുന്നുണ്ട്. കേരള സര്‍ക്കാരിന്‍റെ പദ്ധതിക്കു പകരം ഇ ശ്രീധരനെ ഉപദേശകനായി കേരളത്തില്‍ അതിവേഗ റെയില്‍ നടപ്പാക്കാന്‍ ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. അതിന്‍റെ ഭാഗമായി ഓഫിസും പൊന്നാനിയില്‍ തുടങ്ങിയിട്ടുണ്ട്.