അപകടത്തിൽപ്പെട്ടാൽ പൈലറ്റിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'എസ്‌കേപ്പ് സിസ്റ്റ'ത്തിന്‍റെ പരീക്ഷണം വിജയകരം

അപകടത്തിൽപ്പെട്ടാൽ പൈലറ്റിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'എസ്‌കേപ്പ് സിസ്റ്റ'ത്തിന്‍റെ പരീക്ഷണം വിജയകരം

ചണ്ഡീഗഡ്: യുദ്ധവിമാനം അപകടത്തിൽപ്പെട്ടാൽ പൈലറ്റിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത എസ്‌കേപ്പ് സിസ്റ്റത്തിന്‍റെ പരീക്ഷണം വിജയകരം. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഗവേഷണ-വികസന വിഭാഗമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അപകട സാഹചര്യങ്ങളിൽ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഈ സംവിധാനം വികസിപ്പിച്ചത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും, പൈലറ്റ്-ഇജക്ഷൻ സംവിധാനം കൃത്യമായും സുരക്ഷിതമായും പ്രവർത്തിക്കുന്നുവെന്ന് പരീക്ഷണം തെളിയിച്ചു.

തദ്ദേശീയ യുദ്ധവിമാന സുരക്ഷാ സാങ്കേതികവിദ്യയിലെ രാജ്യത്തിന്‍റെ മുന്നേറ്റം ആശ്രിതത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കൂടെയാണ് കാണിക്കുന്നത്. ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിലെ (ടിബിആർഎൽ) റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് (ആർടിആർഎസ്) കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത്. മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷണ പറക്കലിന്‍റെ അഭിമാന മുഹൂർത്തങ്ങളടങ്ങുന്ന വീഡിയോയും മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ട്രാക്കിൽ അതിവേഗതയിൽ വരുന്ന യുദ്ധവിമാനത്തിൽ നിന്നും ഡമ്മി പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പാരച്യൂട്ടിന്‍റെ സഹായത്തോടെ താഴെയിറക്കുന്ന ഘട്ടം ഘട്ടമായുള്ള പരീക്ഷണമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. പൈലറ്റിന്‍റെ ജീവന് തന്നെ ഭീഷണിയായ രീതിയിൽ യുദ്ധവിമാനം യാത്ര ചെയ്യേണ്ടിവന്നാൽ പൈലറ്റിന്‍റെ ജീവന് പൂർണമായ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പുതിയ പരീക്ഷണം ലക്ഷ്യമിടുന്നത്. യുദ്ധവിമാനത്തിലെ ഏത് അപകട സാഹചര്യവും നേരിടാൻ ഇന്ത്യൻ പ്രതിരോധ സേനയെ സജ്ജമാക്കുന്നതാണ് എസ്‌കേപ്പ് സിസ്റ്റം.

മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷണം നടന്നത്.

  • വേർപെടുത്തൽ(Canopy Severance)-
  • തീപിടിക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്‍റെ കോക്ക്പിറ്റിൽ നിന്ന് പൈലറ്റിനെ വേഗത്തിൽ സുരക്ഷിതമായി വേർതിരിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം. അടുത്ത ഘട്ടമായ ഇജക്ഷൻ സമയത്ത് കോക്ക്പിറ്റുമായി കൂട്ടിയിടിച്ച് പൈലറ്റിന് പരിക്കുകൾ സംഭവിക്കാതിരിക്കാനാണ് ഇത്.
  • ഇജക്ഷൻ സീക്വൻസിങ് (Ejection sequencing)-
  • ഉയർന്ന വേഗതയിൽ പോകുന്ന വിമാനവുമായി പൈലറ്റിനെ വേർപ്പെടുത്തുന്ന ഘട്ടം.
  • എയർക്രൂ വീണ്ടെടുക്കൽ (Complete aircrew recovery)-
  • പൈലറ്റ് വിമാനത്തിൽ നിന്നും പൂർണമായി വേർപ്പെട്ട ശേഷം പാരച്യൂട്ടിന്‍റെ സഹായത്തോടെ സുരക്ഷിതമായി നിലത്തേക്ക് ഇറക്കുന്ന ഘട്ടം.

ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സ്വാശ്രയത്വത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിനും സഹായിക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി പടിഞ്ഞാറൻ അതിർത്തികളിൽ നടത്തിയ ദൗത്യങ്ങളിലും തദ്ദേശീയ സൈനിക സംവിധാനങ്ങളുടെ ഫലപ്രാപ്‌തി തെളിയിച്ചതായി ഡിആർഡിഒ ചെയർമാൻ സമീർ വി കാമത്ത് കഴിഞ്ഞ ആഗസ്റ്റിൽ പറഞ്ഞിരുന്നു.