"കുടിയൊഴിപ്പിക്കപ്പെട്ട ഭൂമി മനുഷ്യവാസത്തിന് സുരക്ഷിതമല്ലാത്തത്" : ഡികെ

ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർ രാജിൽ വിശദീകരണവുമായി ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാർ. കണ്ണില്ലാ ക്രൂരതയുടെ നേർസാക്ഷ്യമാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് മേൽ തുടരുന്നതെന്ന വിമർശനത്തിന് പിന്നാലെയാണ് ഡികെ ശിവകുമാറിൻ്റെ വിശദീകരണം.
അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ എന്ന പേരിൽ 2025 ഡിസംബർ 20 പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും ബുൾഡോസറുകൾ ഉപയോഗിച്ച് മുന്നൂറോളം വീടുകളുടെ അടിത്തറ കർണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്. ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ് കർണാടകയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്‍റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ് ഇപ്പോൾ. ബിജെപിയുടെ വഴിയിലേക്കുള്ള പോക്കിന് വലിയ വില നൽകേണ്ടി വരും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം മുന്നറിയിപ്പ് നൽകിയത്.ഇതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക സർക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിൻ്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നായിരുന്നു പിണറായി വിജയൻ്റെ വിമർശനം. എന്നാൽ കേരള മുഖ്യമന്ത്രിയ്‌ക്കും ഡികെ ശിവകുമാർ വിമർശനാത്മക മറുപടി നൽകുകയാണ്.
മനുഷ്യവാസത്തിന് സുരക്ഷിതമല്ലാത്ത പ്രദേശം പൊളിച്ച് നീക്കിയെന്ന് ഡികെ
പൊതു ഭൂമിയും പൊതു സുരക്ഷയും കണക്കിലെടുത്ത് നിയമാനുസൃതമായാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തിൽ നിന്ന് വീടുകൾ പൊളിച്ചു കളഞ്ഞതെന്നാണ് ഡികെ ശിവകുമാറിൻ്റെ വാദം. ബിബിഎംപിക്ക്(ബൃഹത് ബെംഗളുരു മഹാനഗര പാലികെ) അനുവദിച്ച സർവേ നമ്പർ 99 എന്ന 15 ഏക്കർ സർക്കാർ ഭൂമി ഖരമാലിന്യ നിർമാർജനത്തിനായി ഉപയോഗിക്കുന്ന ഒരു ക്വാറിയാണെന്നും ഇത് മനുഷ്യവാസത്തിന് അങ്ങേയറ്റം സുരക്ഷിതമായ ഇടമല്ലെന്നുമാണ് ഡികെ ശിവകുമാർ മുന്നോട്ട് വയ്ക്കുന്നത്.
"യലഹങ്ക കൊഗിലു ഗ്രാമത്തിലെ അനധികൃത പുരയിടങ്ങൾ 2025 ഡിസംബർ 20-ാം തീയതി പൊളിച്ചു നീക്കിയിരുന്നു. വീട് നഷ്‌ടപ്പെട്ടവർക്കായി പുനരധിവാസ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സർക്കാർ പദ്ധതി പ്രകാരം വീട് നഷ്‌ടപ്പെട്ട കുടുംബങ്ങളെ ഭവന നിർമ്മാണത്തിനായി പരിഗണിക്കും. പൊതുജനങ്ങളുടെ ജീവന് സംരക്ഷണവും നിയമവിരുദ്ധ കയ്യേറ്റത്തെ തടയുകയുമാണ് ഞങ്ങളുടെ ഏക ലക്ഷ്യം.
ഈ മാലിന്യക്കൂമ്പാരത്തിൽ ഉണ്ടായിരുന്ന അനധികൃത പാർപ്പിടങ്ങള്‍ 20-12-2025 ന് നീക്കം ചെയ്‌തു. പുനരധിവാസ ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. കൂടാതെ സർക്കാർ പദ്ധതികൾ പ്രകാരം കുടിയിറക്കപ്പെട്ട യോഗ്യരായ കുടുംബങ്ങളെ ഭവന നിർമ്മാണത്തിനായി പരിഗണിക്കും. സമത്വം, നീതി, മനുഷ്യത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് കർണാടകയിലെ സർക്കാർ ഭരണഘടനയ്ക്കുള്ളിൽ ഉറച്ചുനിൽക്കുന്നത്'' - ഡികെ ശിവകുമാർ എക്‌സിൽ കുറിച്ചു.
സംഭവം വാർത്തയായതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡികെ ശിവകുമാറിനോട് നേരിട്ട് വിശദീകരണം തേടി എന്നാണ് റിപ്പോർട്ട്.മുതിർന്ന നേതാക്കൾ വസ്‌തുതകൾ മനസിലാക്കാതെ അഭിപ്രായം പറയരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജനെതിരെ ഡികെ പ്രതികരിച്ചത്. ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുൻപ് വസ്‌തുതകളെ പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിക്കുന്നു എന്നാണ് ശിവകുമാറിൻ്റെ മറുപടി. കർണാടകയിലെ ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു.
ഭരണകൂട ഭീകരതയ്ക്ക് 'ബുൾഡോസർ രാജ്' എന്ന പുതിയ പേരും നൽകി ഉത്തരേന്ത്യൻ മോഡൽ കുടിയൊഴിപ്പിക്കലാണ് യലഹങ്കയിലെ ഒരു കൂട്ടം ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി താമസിച്ച കൂര ഭരണകൂടത്തിൻ്റെ നെടുനീളൻ കൈകൾ കൊണ്ട് നിലംപരിശാക്കുമ്പോൾ വഴിയാധാരമാകുന്നത് ഇന്ത്യയുടെ ജനാധിപത്യമാണ് എന്നിങ്ങനെ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.