നടിയെ പീഡിപ്പിച്ചക്കേസ് : "എല്ലാവരും ഇരയോടൊപ്പം നിൽക്കണം.താനും ഇരയോടൊപ്പം ആണ്": ശശി തരൂർ
തിരുവനന്തപുരം : നടിയെ ആക്രമിച്ചകേസിൽ കോടതി വിധിയിൽ പ്രതികരിച്ച് ശശിതരൂർ എംപി. " ഇര നേരിട്ട അതിക്രമം നമ്മൾക്കെല്ലാവർക്കും നാണക്കേട്, ഞാൻ ഇരയ്‌ക്കൊപ്പം"; അതിജീവിതയുടെ ധൈര്യത്തെ അഭിനന്ദിച്ച് ശശി തരൂർ.നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവിതയ്ക്കൊപ്പമാണെന്നും തിരുവനന്തപുരം നഗരസഭയിൽ ഇത്തവണ യുഡിഎഫിനാണ് വിജയസാധ്യതയെന്നും ശശി തരൂർ എംപി. വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പീലിൽ നടപടി വരട്ടെയെന്നും ഒരു കോടതിവിധിയിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ എല്ലാവരും ഇരയോടൊപ്പം നിൽക്കണം. താനും ഇരയോടൊപ്പം ആണ്. കോടതിയുടെ വിധിയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സർക്കാർ അപ്പീൽ പോകുന്നുണ്ട്. ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നും അടക്കമുള്ള പല ചോദ്യങ്ങളും ജനങ്ങളുടെ മനസിലുണ്ട്.ഈ സാഹചര്യത്തിൽ വ്യക്തികളുടെ പക്ഷം പിടിക്കുന്നതിന് പകരം ന്യായത്തിൻ്റെ പക്ഷം ചേരണം. അതിജീവിത വളരെ ധൈര്യത്തോടെ നിയമനടപടിയുമായി മുൻപോട്ടു പോയി. അതിന് അവരെ അഭിനന്ദിക്കണം. വിഷമവും സമ്മർദങ്ങളും കാരണം പലപ്പോഴും ഇത്തരം കേസുകളിൽ നിന്നും സ്ത്രീകൾ പിന്മാറുന്ന പ്രവണതയുണ്ട്. എട്ടു വർഷം കേസുമായി മുൻപോട്ടു പോയ ഇരയ്ക്ക് നീതി കിട്ടി എന്ന ബോധ്യം ലഭിക്കണം. കേസിൻ്റെ നടപടികൾ തുടരട്ടെ, നിയമപ്രകാരമുള്ള നടപടികൾ വരട്ടെയെന്നും ശശി തരൂർ പറഞ്ഞു.തിരുവനന്തപുരം നഗരസഭയിൽ ഇത്തവണ യുഡിഎഫിന് സാധ്യതയുണ്ടെന്ന് തരൂർ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട്, മാലിന്യം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ട്. ഈ സ്ഥിതി മാറാൻ ഭരണം നന്നാകണം. തിരുവനന്തപുരം നഗരത്തെ മെച്ചപ്പെടുത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും പരിശ്രമത്തിന് ഫലമുണ്ടാകുമെന്നാണ് വിശ്വാസം.