ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയില്‍ തെളിവെടുപ്പ് തുടരുന്നു

പത്തനംതിട്ട: ബലാത്സംഗ കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ്. തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി എസ്‌ഐടിയുടെ തെളിവെടുപ്പ് തുടരുന്നത്.രാഹുലിന്‍റെ മുറിയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കൂടി എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മൊബൈല്‍ ഫോണ്‍ അടക്കം നിരവധി വസ്‌തുക്കള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എംഎല്‍എയ്‌ക്ക് എതിരെയുള്ള പരാതിയില്‍ കേസെടുത്ത അന്വേഷണ സംഘത്തിന് നിര്‍ണായകമാകുന്ന ഡിജിറ്റല്‍ ഡിവൈസുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. രാഹുല്‍ ഉപയോഗിച്ചിരുന്ന മൊബൈലുകള്‍, ലാപ്‌ടോപ്പ് എന്നിവയാണ് അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടത്. അതില്‍ മൊബൈല്‍ ഫോണ്‍ സംഘം ഹോട്ടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിക്കെതിരായ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ രാഹുൽ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനായാണ് ഡിജിറ്റല്‍ ഡിവൈസുകള്‍ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്.രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ള യുവതി പരാതിയില്‍ സൂചിപ്പിച്ച പാലക്കാട്ടെ ഫ്ലാറ്റ് സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. മാത്രമല്ല അടൂരിലെ രാഹുലിന്‍റെ വീട്ടിലും തെളിവെടുപ്പ് നടക്കും. എന്നാല്‍ നിലവില്‍ തിരുവല്ലയിലെ ഹോട്ടലിലെ തെളിവെടുപ്പിന് പിന്നാലെ രാഹുലിനെ തിരിച്ച് എആര്‍ ക്യാമ്പിലെത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മാത്രമല്ല കേസില്‍ ഇന്നും വിശദമായ ചോദ്യം ചെയ്യല്‍ തുടരും.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്‌ച (ജനുവരി 16) കോടതി പരിഗണിക്കും. ഇന്നലെയാണ് (ജനുവരി 13) കേസില്‍ എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. തനിക്കെതിരെ ലഭിക്കുന്ന മൂന്നാമത്തെ കേസാണിതെന്നും ഇത് മെനഞ്ഞെടുത്ത കഥയാണെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗം പറയുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്‌ച (ജനുവരി 10) രാവിലെ 7.30 ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ച് ചോദ്യം ചെയ്‌തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാക്കിയ രാഹുലിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ് നടപടി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.