ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ സുധീഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റിമാൻഡ് റിപ്പോർട്ടിൽ സുധീഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. 2019-ൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ കൊണ്ടുപോയ സമയത്ത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ. സ്വർണം അപഹരിച്ച കേസിൽ ഗൂഢാലോചനയിൽ സുധീഷ് കുമാറിന് സജീവമായ പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.1999-ൽ വിജയ് മല്ല്യ സ്വർണം പൂശിയ പാളികളാണ് മോഷ്ടിക്കപ്പെട്ടതെന്ന് സുധീഷിന് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും ദേവസ്വം രേഖകളിൽ ഇത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയത് സുധീഷാണ്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയതും രണ്ടാം പ്രതി മുരാരി ബാബുവുമായി ചേർന്ന് മോഷണത്തിന് സഹായം ചെയ്തതും സുധീഷ് കുമാറാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിവുണ്ടായിട്ടും, ഇവ വെറും ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിക്കൊണ്ട്, നവീകരണത്തിനായി ഒന്നാം പ്രതിയുടെ കൈവശം കൊടുത്തുവിടാമെന്ന് ദേവസ്വം ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകിയതും സുധീഷ് കുമാറാണ്. കൂടാതെ, പാളികൾ അഴിച്ചുമാറ്റിയ സമയത്ത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. മഹസർ തയ്യാറാക്കിയപ്പോൾ സ്ഥലത്തുണ്ടാകാത്തവരുടെ പേരുകൾ മനഃപൂർവം ഉൾപ്പെടുത്തി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

റിമാൻഡിലായ സുധീഷ് കുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയുടെ ആവശ്യം പരിഗണിച്ച് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്‌ഐടി കഴിഞ്ഞ ദിവസം കോടതിയിൽ നൽകി. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഇരു കേസുകളിലും നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.