പിണറായിയിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറി

പിണറായിയിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറി

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റു. സ്വന്തം വീടിന് സമീപം കനാൽ കരയിൽ വച്ച് നടന്ന സ്ഫോടനത്തിൽ കൈപ്പത്തി ചിതറിയ ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് സംഭവം.ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ പൂവാടൻ മീപ്പുരയ്ക്ക് സമീപത്തെ കനാൽ കരയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനശബ്ദം കേട്ടതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരന്നു. വിപിൻ രാജിൻ്റെ ഒരു കൈപ്പത്തി പൂർണമായും തകർന്ന നിലയിലാണ്. സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ബോംബ് നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം പുറത്തുവന്ന പ്രാഥമിക വിവരം. എന്നാൽ വിജയാഘോഷത്തിന് ശേഷം ബാക്കിവന്ന പടക്കമാണ് പൊട്ടിയതെന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള വിശദീകരണം. പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് പടക്കമാണോ അതോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പൊലീസ് ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. ബോംബ് നിർമാണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.പരിക്കേറ്റ വിപിൻ രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫിസ് തകർത്ത കേസിലും ഇയാൾക്ക് പങ്കുണ്ട്. പ്രദേശത്തെ കനാലിന് സമീപമുള്ള കോൺഗ്രസ് ഓഫിസിന് നേരെ ബോംബെറിഞ്ഞ് തീവച്ച് നശിപ്പിച്ച കേസിലെ പ്രതികൂടിയാണ് ഇയാൾ. മുൻ കേസുകളിലെ ഇയാളുടെ പങ്ക് കണ്ണൂരിൽ നാടൻ ബോംബുകളുടെ തുടർച്ചയായ ഉപയോഗത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

അധികാരം നഷ്ടപ്പെടുന്ന വിഭ്രാന്തിയിൽ ജില്ലയിൽ സിപിഎം ക്രിമിനലുകളെ കയറൂരി വിട്ട് കലാപത്തിന് ശ്രമിക്കുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവം സിപിഎം ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം ഊർജിതമായി നടക്കുന്നുണ്ടെന്നതിൻ്റെ തെളിവാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതു മുതൽ സിപിഎം നേതാക്കളും അണികളും സമനില തെറ്റിയ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.