പ്രതിബദ്ധതയുള്ളവർക്ക് അവഗണന ,ഇന്നലെ വന്നവർക്ക് പരിഗണന : ബീഹാർകോൺഗ്രസ്സിലും പൊട്ടിത്തെറി

പട്‌ന: രാജ്യത്തെ കോൺഗ്രസ്സിൻ്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പുനസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടിക്കുള്ളിൽ വലിയ ഭിന്നിപ്പ് സൃഷ്ട്ടിച്ചുകൊണ്ടിരിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച ബീഹാറിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടാകുന്ന ഭൂകമ്പങ്ങൾ വലിയ പ്രകമ്പനം സൃഷ്ട്ടിക്കുകയാണ് .കോണ്‍ഗ്രസ് വക്താവ് ആനന്ദ് മാധവും മറ്റ് ചില നേതാക്കളും ബിഹാര്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള കൃഷ്‌ണ അല്ലവാരുവിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ റാമിനുമെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കയാണ് . ആനന്ദ് മാധവ് പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്‌തു.ആനന്ദ് മാധവിന് പുറമെ നിരവധി നേതാക്കള്‍ സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്‌ത് വാര്‍ത്താസമ്മേളനം നടത്തി. പ്രതിബദ്ധതയുള്ള നേതാക്കള്‍ക്ക് സീറ്റ് നൽകാതെ അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവരോടാണ് പാർട്ടികൂറുകാണിച്ചതെന്ന് ആനന്ദ് മാധവ് ആരോപിച്ചു.
സഹകരിക്കാനായി പരാമാവധി ശ്രമിച്ചു. എന്ത് മാനദണ്ഡം അനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നും അദ്ദേഹം ആരാഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ഇവിടെ യാതൊരു മൂല്യവുമില്ല. കുറ്റവാളികളെയും ഇടനിലക്കാരെയും ആണ് പരിഗണിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പാര്‍ട്ടിയില്‍ എത്തിയവര്‍ക്കും രാഹുല്‍ ഗാന്ധിയെ ചീത്ത പറഞ്ഞവര്‍ക്കും സീറ്റ് നല്‍കിയിരിക്കുന്നുവെന്നും ആനന്ദ് മാധവ് ആരോപിച്ചു.
കോണ്‍ഗ്രസ് പരാജയപ്പെടുന്നത് തങ്ങള്‍ക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ പരാതികള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ പോകുകയാണ്. ഇന്നലെ ആര്‍ജെഡിയിലായിരുന്നവര്‍ക്കും കോണ്‍ഗ്രസില്‍ ചേരാത്തവര്‍ക്കും സീറ്റ് നല്‍കി.താന്‍ രാജി വച്ചെങ്കിലും എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ എല്ലാം കൈവിട്ട് പോയിരിക്കുന്നു. കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റേ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നു. ഒരേ മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ ആര്‍ജെഡിയും കോണ്‍ഗ്രസും സിപിഐയും നാമനിര്‍ദ്ദേശ പത്രിക നല്‍കി. യാതൊരു വിട്ടുവീഴ്‌ചയ്ക്കും കക്ഷികള്‍ തയാറാകാത്ത സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളും പാളുകയാണ്. ആരും പത്രിക പിന്‍വലിക്കാന്‍ തയാറാകില്ലെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും തര്‍ക്കങ്ങള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇക്കാര്യത്തില്‍ ധാരണ ആയെന്ന വിധത്തിലായിരുന്നു സഖ്യത്തിനുള്ളില്‍ നിന്നുള്ള സൂചന. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുന്നണിയുടെ മുഖ്യമന്ത്രിയായി അവതരിപ്പിക്കണമെന്നാണ് ശിവസേനയുടെ അഭിപ്രായം. എന്നാല്‍ കോണ്‍ഗ്രസിന് ഇതിനോട് താത്പര്യമില്ലെന്നാണ് സൂചന. തേജസ്വിയെ പിന്തുണച്ച കോണ്‍ഗ്രസ് എംപി താരിഖ് അന്‍വറിന്‍റെ പ്രസ്‌താവനയിലും കോണ്‍ഗ്രസിന് അതൃപ്‌തിയുണ്ട്.
ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡി 135 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റിലും മത്സരിക്കാന്‍ നേരത്തെ ധാരണ ആയിരുന്നു. 144 സീറ്റുകള്‍ക്ക് വേണ്ടി വാദിച്ച ആര്‍ജെഡിയും 70 സീറ്റുകള്‍ക്ക് വേണ്ടി വാദിച്ച കോണ്‍ഗ്രസും പിന്നീട് നിലപാട് മയപ്പെടുത്തി. 243 സീറ്റുകളില്‍ ബാക്കി ഇടത് പാര്‍ട്ടികള്‍ക്കും മുകേഷ് സഹാനിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും നല്‍കാനാണ് ധാരണ ആയിരുന്നത്.
അതിനിടെ ഇന്ത്യ സഖ്യത്തിലുള്‍പ്പെട്ട സിപിഐ(എംഎല്‍) ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പട്ടികജാതിക്കാരെയും പൊതു വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന 20സീറ്റുകളിലേക്കാണ് ഇവര്‍ ജനവിധി തേടുന്നത്.
ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്ന പതിനാല് സീറ്റുകളിലേക്കും രണ്ടാം ഘട്ടം പോളിങ് നടക്കുന്ന ആറ് സീറ്റുകളിലേക്കുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.തരാരില്‍ നിന്ന് മദന്‍ സിങ് ചന്ദ്രവംശി, അഗിയോണില്‍ നിന്ന് ശിവ പ്രകാശ് രഞ്ജന്‍, ആരയില്‍ നിന്ന് കയാമുദ്ദീന്‍ അന്‍സാരി, ദുമ്രാനില്‍ നിന്ന് അജിത് കുമാര്‍ സിങ് എന്ന അജിത് കുശ്വാഹ, കാരകത്തില്‍ നിന്നുള്ള അരുണ്‍ സിങ് എന്നിവര്‍ ജനവിധി തേടും.അര്‍വാളില്‍ നിന്ന് മഹാനന്ദ് സിങ്, ഘോസിയില്‍ നിന്ന് രാംബാലി സിങ് യാദവ്, പാലിഗഞ്ചില്‍ നിന്ന് സന്ദീപ് സൗരഭ്, ഫുല്‍വാരിയില്‍ നിന്ന് ഗോപാല്‍ രവിദാസ്, ദിഘയില്‍ നിന്ന് ദിവ്യ ഗൗതം, ദരൗലിയില്‍ നിന്ന് സത്യദേവ് റാം, ജിരാദേയില്‍ നിന്ന് അമര്‍ജിത് കുശ്വാഹ, ദാരാണ്ടിയില്‍ നിന്ന് അമര്‍നാഥ് യാദവ്, ഭോരൗണ്ടയില്‍ നിന്ന് ജിതേന്ദ്ര പാസ്വാന്‍, വാരിസ് നഗറില്‍ നിന്ന് മെഹബൂബ് ആലം എന്നിവരും മത്സരിക്കും. സിക്തയില്‍ നിന്ന് വീരേന്ദ്ര പ്രസാദ് ഗുപ്‌തയും പിപ്രയില്‍ നിന്ന് അനില്‍കുമാറും കാരക്കാട്ടില്‍ നിന്ന് അരുണ്‍ സിങും ജനവിധി തേടും.
ഇതിനിടെ ആം ആദ്‌മി പാര്‍ട്ടി അന്‍പത് പേരടങ്ങിയ മൂന്നാം പട്ടിക പുറത്ത് വിട്ടു. ലൗറിയയില്‍ നിന്ന് ശശിഭൂഷണ്‍ തിവാരി, ബേട്ടിയയില്‍ നിന്ന് അര്‍ജുന്‍ കുമാര്‍ സിന്‍ഹ, സുഗൗളിയില്‍ നിന്ന് ഗയാസുദ്ദീന്‍ സമാനി, സമഷ്‌ടിപൂരില്‍ നിന്ന് രഞ്ജന്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. രണ്ടാം പട്ടികയില്‍ 48 സ്ഥാനാര്‍ത്ഥികളെ എഎപി ഉള്‍പ്പെടുത്തിയിരുന്നു.