നാഗ്‌പൂരില്‍ സ്ഫോടനം; 15 മരണം, നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ

നാഗ്‌പൂരില്‍ സ്ഫോടനം; 15 മരണം, നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ

മുംബൈ:  നാഗ്‌പൂരിൽ  സ്ഫോടകവസ്‌തു നിർമാണ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. കറ്റോൾ താലൂക്കിലെ റൗൾഗാവിലുള്ള എസിബിഎൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഫാക്‌ടറിയാണ് സ്ഫോടനത്തിനിരയായത്. ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ചോളം തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റവരെ നാഗ്‌പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കുറച്ചുപേരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൻ്റെ ആഘാതം കനത്തതായിരുന്നു. സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സ്ഫോടന തീവ്രതയിൽ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ നിർമാണ വസ്‌തുക്കളും സ്‌ഫോടക അവശിഷ്‌ടങ്ങളും അഞ്ഞൂറ് മുതൽ എഴുനൂറ് മീറ്റർ വരെ ദൂരേക്ക് ചിന്നിച്ചിതറി.സ്ഫോടനശാലയ്‌ക്ക് സമീപം തന്നെ മറ്റൊരു സ്ഥലത്തും വലിയ തീപിടിത്തമുണ്ടായി. ഇതോടെ പ്രദേശത്താകെ തീപടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. കമ്പനി പരിസരത്ത് ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും കമ്പനി സീൽ ചെയ്യുകയും ചെയ്‌തു. സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ കലക്‌ടറും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഏകദേശം നാല് മണിക്കൂർ നീണ്ട അക്ഷീണ ശ്രമങ്ങൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അടിയന്തര സഹായം നൽകാൻ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ നിർദേശം നൽകി.ഡിറ്റണേറ്ററുകൾ, സ്‌ഫോടകവസ്‌തുക്കൾ ഉൾപ്പെടെയുള്ള വ്യാവസായിക സ്‌ഫോടക വസ്‌തുക്കളുടെ പ്രധാന നിർമ്മാതാക്കളാണ് എസിബിഎൽ എനർജി ലിമിറ്റഡ് കമ്പനി. കഴിഞ്ഞ വർഷം അടുത്തുള്ള മറ്റൊരു ഫാക്‌ടറിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇത് വ്യാവസായിക മേഖലയിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർത്തുന്നു. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

https://www.worldm.news/national/massive-explosion-at--22030