എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന് സുപ്രീം കോടതി

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന്  സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ ശുപാർശ. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

കേരള സർക്കാരിൻ്റെയും മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെയും നിയമസഭാംഗങ്ങളുടെയും ആവശ്യം മുൻനിർത്തിക്കൊണ്ട് ചീഫ്‌ ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഒരാഴ്‌ചയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കാലാവധി നീട്ടുന്നതിനുള്ള കേരളത്തിൻ്റെ അഭ്യർഥന ന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കേരളത്തില്‍ എന്യുമറേഷന്‍ ഫോം 98.8 ശതമാനം വിതരണം ചെയ്‌തു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിതരണം ചെയ്‌ത ഫോമുകള്‍ ജനങ്ങളില്‍നിന്ന് പൂരിപ്പിച്ച് കിട്ടുന്നില്ല എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ തിരക്കുകളും ഇതിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

എന്നാൽ ഫോമുകൾ പൂരിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ഒരു തടസവും ഉണ്ടാക്കുന്നില്ലെന്ന് ഇലക്ഷൻ കമ്മിഷൻ്റെ മുതിർന്ന അഭിഭാഷകരായ രാകേഷ് ദ്വിവേദിയും മനീന്ദർ സിങ്ങും സുപ്രീം കോടതിയെ അറിയിച്ചു.തുടർന്ന് കാലാവധി നീട്ടുന്നതിനുള്ള കാരണങ്ങൾ ഇതിനകം നൽകിയിട്ടില്ലെങ്കിൽ, അത് ഡിസംബർ 3 നകം കമ്മിഷൻ മുമ്പാകെ സമർപ്പിക്കണമെന്നും ബെഞ്ച് കേരളത്തോട് നിർദേശിച്ചു. കൂടാതെ എന്യുമറേഷൻ ഫോമുകളുടെ അവസാന തീയതി ഒരു ആഴ്‌ചയോ അതിൽ കൂടുതലോ ആയി നീട്ടണമെങ്കിൽ, അതിന് ആവശ്യമായ എല്ലാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മിഷന് സത്യവാങ്‌മൂലം സമർപ്പിക്കാനും കേരളത്തോട് ബെഞ്ച് നിർദേശിച്ചു.തെരഞ്ഞടുപ്പിൻ്റെയും എസ്‌ഐആർ പരിഷ്‌ക്കരണത്തിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ധാരാളം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. 88 ശതമാനം ജോലികളും ഇതിനകം പൂർത്തിയായി എന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഡിസംബർ 4 വരെയായിരുന്നു എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിനോടകം അത് ഒരാഴ്‌ചകൂടി നീട്ടിയിരുന്നതായും അഭിഭാഷകൻ ദ്വിവേദി പറഞ്ഞു.എന്നാൽ ഇത് അംഗീകരിച്ച കോടതി നവംബർ 11 ന് ശേഷം വീണ്ടും ഒരാഴ്‌ച കൂടി നീട്ടണമെന്ന് നിർദേശിച്ചു. ഇതുവഴി വിട്ടുപോയ ഏതൊരു വ്യക്തിയെയും വീണ്ടും ഉൾപ്പെടുത്താൻ സാധിക്കുമെന്നും പറഞ്ഞു. അതേസമയം സമയം നീട്ടുന്നത് സംബന്ധിച്ച് മറ്റൊരു സംസ്ഥാനവും മുൻപോട്ട് വന്നിട്ടില്ലെന്ന് ദ്വിവേദി പറഞ്ഞു. സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന് 1.76 ലക്ഷം ജീവനക്കാരെ അനുവദിച്ചിട്ടുണ്ടെന്നും ഇതുകൂടാതെ ഇരുപത്തയ്യായിരത്തിലധികം (25,468) പേരെ എസ്‌ഐആർ പ്രക്രിയയ്ക്കായി അനുവദിച്ചിട്ടുണ്ടെന്നും ബെഞ്ച് അറിയിച്ചു.