വിവാഹേതര ബന്ധം: മൂന്നു മക്കളെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ചെന്നൈ: ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ രോഷാകുലനായ ഭര്‍ത്താവ് തൻ്റെ മൂന്ന് മക്കളെ കഴുത്തറുത്ത് അതിദാരുണമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗോപാലസമുദ്രം സ്വദേശിയായ വിനോദ് കുമാർ (38) ആണ് തൻ്റെ മൂന്ന് മക്കളെയും കൊലപ്പെടുത്തിയത്.മധുക്കൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഓവിയ (12), കീർത്തി (8), ഈശ്വരൻ (5) എന്നിവരെയാണ് പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്. പൊലീസിൻ്റെ പ്രഥമിക അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രതിയുടെ ഭാര്യ നിത്യ (35) സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുവാരൂർ ജില്ലയിലെ മണ്ണാർഗുഡി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ഭർത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് നിത്യ കാമുകൻ്റെ കൂടെ പോയി.ഭാര്യ ഉപേക്ഷിച്ചത് താങ്ങാൻ കഴിയാത്ത വിനോദ് കുമാർ നിത്യയെ നേരില്‍ കണ്ട് തന്നോടൊപ്പം തിരികെ വീട്ടില്‍ വരാൻ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ നിത്യ വിനോദിനൊപ്പം തിരികെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിക്കുകയും കാമുകനൊപ്പം താമസിക്കാനാണ് തീരുമാനമെന്ന് വിനോദിനോട് പറയുകയും ചെയ്‌തു.
ഭാര്യ ഉപേക്ഷിച്ച് പോയതില്‍ പ്രതി മാനസികമായി ബുദ്ധിമുട്ടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയില്ലാതെ തൻ്റെ മൂന്ന് കുട്ടികളെ വളർത്താൻ വിനോദ് കഷ്‌ടപ്പെട്ടിരുന്നുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് നയിച്ചതായാണ് നിഗമനമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.ഇന്നലെ വൈകുന്നേരം കുട്ടികള്‍ക്ക് പ്രതി മധുരപലഹാരങ്ങൾ വാങ്ങി നല്‍കി. കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ വിനോദ് കുമാർ തൻ്റെ മൂന്ന് കുട്ടികളുടെയും കഴുത്ത് അറുത്ത് ദാരുണമായി കൊലപ്പെടുത്തി. മക്കള്‍ മരിച്ചെന്ന് ഉറപ്പിച്ചതിന് പിന്നാലെ വിനോദ്‌കുമാര്‍ മധുക്കൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി.
തൻ്റെ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതായി പ്രതി പൊലീസിന് മൊഴി നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ അറസ്റ്റ് ചെയ്‌തു. പട്ടുകോട്ടൈ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവിചന്ദ്രന്‍ കേസില്‍ അന്വേഷണം ആരംഭിച്ചു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പട്ടുകോട്ടൈ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് പിതാവ് മൂന്ന് മക്കളെ കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളിൽ വലിയ ഞെട്ടലുണ്ടാക്കി.