അവശനിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മലയാളിക്ക് രക്ഷകരായി ഫെയ്മ പ്രവർത്തകർ

മുംബൈ: 50 വർഷമായി ജന്മനാടുമായി ബന്ധമില്ലാതെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന , ഇപ്പോൾ അവശനിലയിലായിക്കഴിഞ്ഞ മലയാളിയുടെ ബന്ധുക്കളെ കണ്ടെത്തി ഫെയ്‌മ മഹാരാഷ്ട്ര പ്രവർത്തകർ .നന്തുറ റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ വീണുകിടക്കുന്ന നിലയിൽ RPF കണ്ടെത്തുകയും, ഉടൻ തന്നെ നന്ദുറ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരാവസ്ഥയെ തുടർന്ന് ഖംഗാവിലുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്ത തൃശ്ശൂർ, വിയ്യൂർ സ്വദേശി വർഗ്ഗീസിനെയാണ് ഫെയ്‌മ പ്രവർത്തകരുടെ ഇടപെടലുകളിലൂടെ ബന്ധുക്കൾക്ക് തിരിച്ചുലഭിക്കുന്നത്.
പതിനഞ്ചാമത്തെ വയസ്സിൽ നാടുവിട്ടയാളാണ് വർഗ്ഗീസ്.ബന്ധുക്കൾ ഉടൻ ഖാംഗാവിൽ എത്തിച്ചേരുമെന്ന് അറിയിച്ചതുപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ സുരക്ഷിതമായി സംരക്ഷിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടുണ്ടെന്ന് ഫെയ്‌മ ഭാരവാഹികൾ അറിയിച്ചു.
മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് :
ആംബുലൻസിൽ കയറ്റിയ പ്രദേശവാസിയായ ഡ്രൈവർക്കു നാട്ടിലെ വിലാസമായി “തൃശ്ശൂർ, വിയ്യൂർ” എന്ന് എഴുതിക്കൊടുത്തതിനെ തുടർന്ന്, ആംബുലൻസ് റിപ്പയർ ചെയ്യുന്ന വർക്ക്ഷോപ്പ് ഉടമയായ അജിത്കുമാർ പിള്ളയ്ക്ക് നൽകുകയും തുടർന്ന് അദ്ദേഹം ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ ഷൈൻ പാലമൂട്ടിൽ ,ബിജി ഷാജി , രാജീവ് പണിക്കർ എന്നിവരെ വിവരം അറിയിക്കുകയുമായിരുന്നു. ഇവർ ഖാംഗാവ് ആശുപത്രിയിൽ എത്തി വർഗ്ഗീസുമായി സംസാരിച്ച് വിശദവിവരങ്ങൾ ശേഖരിച്ചു.
അതിനുശേഷം ഫെയ്‌മ ഭാരവാഹികളായ സുമി ജെൻട്രി , ജനറൽ സെക്രട്ടറി പി. പി. അശോകൻ്റെ നിർദ്ദേശപ്രകാരം വിയ്യൂർ കോർപ്പറേറ്റർ രമ്യ ബിജുവിനെ ബന്ധപ്പെടുകയും, വിയ്യൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. രമ്യ ബിജു വർഗ്ഗീസിൻ്റെ വീട്ടുകാരെ കണ്ടെത്തൈഎന്നറിയിച്ചതുപ്രകാരം ഫെയ്മ പ്രവർത്തകർ ആശുപത്രിയിലെത്തി വീട്ടുക്കാരെ വിളിച്ച് വർഗ്ഗീസുമായി വീഡിയോ കോളിലൂടെ സഹോദരനുമായി സംസാരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയശേഷം ഇന്ന് വർഗ്ഗീസിനെ അവർക്ക് കൈമാറുമെന്ന് ഫെയ്മ ജനറൽ സെക്രട്ടറി പിപി.അശോകൻ അറിയിച്ചു.