സാദിഖലി തങ്ങൾക്കെതിരെ വ്യാജ ലൈംഗികാരോപണം;കേസെടുത്ത് സൈബർ പൊലീസ്

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ലീഗ് നേതൃത്വം നൽകിയ പരാതിയിൽ മലപ്പുറം സൈബർ പൊലീസാണ് കേസെടുത്തത്. പരാതിയുമായി സമീപിച്ച തൻ്റെ ഫോണിലേക്ക് തങ്ങൾ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്നാണ് അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരോപണം ഉയർന്നത്.
ഞായറാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ലൈംഗികാരോപണം ഉന്നയിച്ച വ്യാജ ഐഡിക്കെതിരെയാണ് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ആരോപണം ഉന്നയിച്ചയാൾ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
തെറ്റായ തെളിവ് സൃഷ്‌ടിക്കൽ, ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തി, ഡിജിറ്റൽ ഐഡൻ്റിറ്റി ദുരുപയോഗം, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 192, 336(1), 120(ബി), ഐടി ആക്‌ട് 66(സി) എന്നിവയ്ക്കുപുറമെ കേരള പൊലീസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.ഐപി അഡ്രസ് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ശേഖരിച്ച് പ്രതികളെ ഉടൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഇതിനായി സൈബർ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
കേസിൽ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് കെടി ജലീൽ
സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെടി ജലീൽ പറഞ്ഞു. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്. ഏതു മാന്യനേയും മോശമാക്കാൻ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലുള്ള വഴി സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്.കേസിൽ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. രാഷ്ട്രീയമായി താൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ടെന്നും അത് മേലിലും തുടരുമെന്നും എന്നാൽ ഒരിക്കലും വ്യക്തിഹത്യ നടത്തില്ലെന്നും ജലീൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായി നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തെ രൂക്ഷമായി വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വ്യാജ ഐഡിയിലൂടെ വന്ന പോസ്റ്റിനെതിരെ പാർട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.