വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന 'കുടുംബ സംഘം' പിടിയിൽ

മലപ്പുറം: വീട്ടമ്മയെ ആക്രമിച്ച് മുളകു പൊടി വിതറി സ്വർണഭരണങ്ങൾ കവർന്ന മുഖംമൂടി സംഘം അറസ്‌റ്റിൽ. അമ്പലപ്പടി സ്വദേശികളായ നിധിൻ, സഹേദരൻ നിഖിൽ, ഇവരുടെ സഹോദരി ഭർത്താവായ ജിജേഷ് എന്നിവരാണ് പിടിയിലായത്. രണ്ട് പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ വളകളാണ് സംഘം കവർന്നത്.ഡിസംബർ 22 നാണ് സംഭവം നടക്കുന്നത്. അമ്പലപ്പടി ബൈപ്പാസിൽ താമസിക്കുന്ന ചന്ദ്രമതിയുടെ ആഭരണങ്ങളാണ് ഇവർ കവർന്നത്. ചന്ദ്രമതി ഒറ്റക്കാണ് താമസിക്കുന്നത്. കവർച്ചക്കായി സംഘവുമായി നടത്തിയ മൽപിടിത്തതിൽ ചന്ദ്രമതിക്ക് പരിക്കേറ്റിരുന്നു.ജിജേഷിൻ്റെ കടങ്ങൾ വീട്ടാൻ വേണ്ടിയാണ് ഇവർ ഇങ്ങനെ ഒരു കവർച്ച ആസൂത്രണം ചെയ്‌തത്. ജിജേഷ് ഒരു ഓട്ടോ ഡ്രൈവറാണ്. ചന്ദ്രമതി പലപ്പോഴും ജിജേഷിൻ്റെ ഓട്ടോയിൽ യാത്ര ചെയ്‌തിട്ടുണ്ട്. ഒറ്റക്കാണ് ചന്ദ്രമതി താമസിക്കുന്നത് എന്ന് മനസിലാക്കിയ ജിജേഷ് ഭാര്യ സഹോദരന്മാരെയും കൂട്ടുപിടിച്ച് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.
ഡിസംബർ 22 രാത്രിയാണ് സംഭവം നടക്കുന്നത്. മൂവരും മദ്യപിച്ച ശേഷമാണ് ചന്ദ്രമതിയുടെ വീട്ടിലേക്ക് പോകുന്നത്. പിൻവശത്തെ വാതിൽ വഴിയാണ് ഇവർ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. ശബ്‌ദം കേട്ട് വാതിൽ തുറന്ന ചന്ദ്രമതിയെ ജിജേഷ് പിന്നിൽ നിന്ന് വായും മൂക്കും ബലമായി പൊത്തിപ്പിടിക്കുകയായിരുന്നു.തുടർന്ന് നിതിൻ കയ്യിലുണ്ടായിരുന്ന കട്ടർ ഉപയോഗിച്ച് വളകൾ മുറിച്ചെടുക്കുകയായിരുന്നു. മൂന്ന് പേരും മൂഖം മൂടി ധരിച്ചിരുന്നത്തിനാൽ ആളെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. തെളിവ് നശിപ്പിക്കാനായി പരിസരത്ത് ഇവർ മുളക്പൊടി വിതറുകയും ചെയ്‌തു."പരിസരം മൊത്തം വയലായിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. തുടർന്ന് കുറച്ച് മാറിയുള്ള പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും സംശയമുള്ള ആളുകളെയും പരിശോധിച്ച ശേഷമാണ് ഞങ്ങൾ യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നത്.
വിശദമായ ചോദ്യം ചെയ്യതതിന് ശേഷമാണ് ഇവർ കുറ്റം സമ്മതിച്ചത്. ആദ്യം ജിജേഷിനെയാണ് അറസ്‌റ്റ് ചെയ്‌തത്. പിന്നീടാണ് രണ്ട് പേർ കൂടി ഉണ്ടെന്ന് അറിഞ്ഞത്. തൊണ്ടിമുതലോട് കൂടി എറണാകുളത്ത് വച്ചാണ് നിഖിലിനെ അറസ്‌റ്റ് ചെയ്യുന്നത് ", വണ്ടൂർ എസ്‌എച്ച്ഒ സംഗീത് പുന്നത്തിൽ പറഞ്ഞു.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രഹാമിൻ്റെ നേതൃത്വത്തിൽ രൂപികരിച്ച സർക്കിൾ ഇൻസ്‌പെക്‌ടർ സംഗീത് പുന്നത്തിലിൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.