കൊൽക്കത്ത സുരക്ഷിത നഗരമെന്ന റിപ്പോർട്ടിനെതിരെ പീഡനത്തിൽ കൊല്ലപ്പെട്ട യുവഡോക്ട്ടറുടെ കുടുംബം

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം കൊൽക്കത്തയെന്ന എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ) റിപ്പോർട്ടിനെതിരെ ബലാത്സംഗ ഇരയുടെ കുടുംബം. എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ) യഥാർഥ സാഹചര്യം പരിഗണിക്കാതെ രേഖകൾ മാത്രം നോക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഈ കണ്ടെത്തൽ തെറ്റാണെന്നും കൊൽക്കത്തയിൽ അതിക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്‌ടറുടെ കുടുംബം ആരോപിച്ചു. 2024 ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു യുവ ട്രെയിനി ഡോക്‌ടർ അതിദാരുണമായി കൊല്ലപ്പെട്ടത്.അതേസമയം തുടർച്ചയായി നാലാം തവണയാണ് കൊൽക്കത്ത രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. വിവിധ പ്രതിപക്ഷ പാർട്ടികളും റിപ്പോർട്ടിനെ തള്ളി രംഗത്തെത്തി. ഈ റിപ്പോർട്ട് തയാറാക്കിയവർ യഥാർഥ സാഹചര്യം പരിഗണിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട യുവ ഡോക്‌ടറുടെ പിതാവ് പറഞ്ഞു."അവരുടെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവർ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്, കൊൽക്കത്തയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 90 ശതമാനവും പൊലീസിൽ പരാതി നൽകാറില്ല" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഏകദേശം മൂന്ന് മാസം മുമ്പ് ഘോള പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ഒരു പെൺകുട്ടി മർദനത്തിനിരയായി, ആ സംഭവത്തെക്കുറിച്ച് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല, കൊൽക്കത്തയിൽ ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും നടക്കുന്നു, ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞ് പോലും ഇവിടെ സുരക്ഷിതയല്ല" എന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നു.എൻസിആർബി ഉദ്യോഗസ്ഥർ ഓഫിസിൽ ഇരുന്ന് റിപ്പോർട്ടുകൾ തയ്യാറാക്കി ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ രാജ്യത്തെ വിദ്യാസമ്പന്നരായ ആളുകൾ മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നു. ഈ നഗരത്തിൽ ഒരു പുരുഷനോ സ്ത്രീയോ കുട്ടിയോ സുരക്ഷിതരല്ല" .അദ്ദേഹം പറയുന്നു.ഇരയുടെ അമ്മയും റിപ്പോർട്ടിൻ്റെ സത്യാവസ്ഥയെ ചോദ്യം ചെയ്‌തു. "സുരക്ഷ ഉണ്ടായിരുന്നെങ്കിൽ, എൻ്റെ മകൾ സ്വന്തം ആശുപത്രിയിൽ വച്ച് ഇങ്ങനെ കൊല്ലപ്പെടില്ലായിരുന്നു. ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിക്കുന്നു" എന്ന് ഇരയുടെ അമ്മ ആരോപിച്ചു.
"കസ്ബർ കോളജിലും ഇത്തരരമൊരു സംഭവം നടന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇരുനൂറിലധികം ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എവിടെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഈ നഗരത്തിൽ ഒരു കുറ്റകൃത്യം നടന്നാൽ പൊലീസിന് പോലും അതിനെക്കുറിച്ച് അറിയില്ല, അഴിമതിയുടെ സഹായത്തോടെ എല്ലാവരും വായ അടച്ചിരിക്കുന്നു" എന്ന് ഇരയുടെ അമ്മ പറഞ്ഞു.