"കുടുംബവാഴ്‌ച ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണി" - ശശി തരൂര്‍

തിരുവനന്തപുരം: ചെറിയൊരിടവേള കഴിഞ്ഞ് വിവാദ ലേഖനവുമായി വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ . ഇന്ത്യയിലെ കുടുംബ വാഴ്ചാ രാഷ്ട്രീയം വിശദമാക്കി ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടല്‍ പ്രോജക്ട് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനമാണ് വീണ്ടും സജീവ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. നെഹ്‌റു ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പിന്തുടര്‍ച്ചയെ കുറിച്ച് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ലേഖനത്തില്‍ ആ കുടുംബത്തിനെതിരെ പ്രത്യക്ഷത്തില്‍ വിമര്‍ശനമില്ലെങ്കിലും ലേഖനത്തിലുടനീളം കുടുംബ വാഴ്ചയെ വിമര്‍ശിക്കുകയാണ് തരൂര്‍ ചെയ്യുന്നത്.
കുടുംബ വാഴ്ചാ രഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണുയര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കഴിവ്, പ്രതിബദ്ധത അല്ലെങ്കില്‍ താഴേത്തട്ടിലുള്ള ഇടപെടല്‍ എന്നിവയേക്കാള്‍ പാരമ്പര്യത്തിനു പ്രാധാന്യം ലഭിക്കുമ്പോള്‍ ഭരണത്തിൻ്റെയും നേതൃത്വത്തിൻ്റെയും ഗുണനിലവാരം കുറയുകയാണെന്ന വിമര്‍ശനവും തരൂര്‍ ഉയര്‍ത്തുന്നു. കുടുംബ വാഴ്ചയ്ക്കു പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു-ഗാന്ധി കുടുംബം തലയുയര്‍ത്തി നില്‍ക്കുന്നു എന്ന മുഖവുരയോടെയാണ് ലേഖനം ആരംഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹാര്‍ ലാല്‍ നെഹ്‌റു, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പ്രിയങ്കാ വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ഒരു ജന്‍മാവാകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.
നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ പിന്തുണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍തന്നെ മറ്റ് പാര്‍ട്ടികളിലുമുണ്ട് കുടുംബവാഴ്ച. ഒഡിഷയില്‍ ബിജു പ്ടനായികിൻ്റെ മകന്‍ നവീന്‍ പട്നായിക്, മാഹാരാഷ്ട്രയില്‍ ബാല്‍ താക്കറേയുടെ മകന്‍ ഉദ്ധവ് താക്കറേ, മകന്‍ ആദിത്യ താക്കറേ, ഉത്തര്‍ പ്രദേശില്‍ മുലായം സിങ് യാദവിൻ്റെ മകന്‍ അഖിലേഷ് യാദവ്, ബിഹാറില്‍ രാംവിലാസ് പാസ്വാൻ്റെ മകനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍, ജമ്മു കശ്മീരില്‍ മൂന്നു തലമുറകളായി തുടരുന്ന അബ്ദുള്ളമാരുടെ കുടുംബാധിപത്യം, അവിടെ പ്രതിപക്ഷമായ മുഫ്തിമാരുടെ രണ്ടു തലമുറകളായുള്ള കുടുംബാധിപത്യം, പഞ്ചാബില്‍ പ്കാശ് സിങ് ബാദലിൻ്റെ മകന്‍ സുഖ്ബീര്‍, തെലങ്കാനയില്‍ ബിആര്‍എസ് സ്ഥാപകന്‍ ചന്ദ്രശേഖര്‍ റാവുവിൻ്റെ മകനും മകളും, തമിഴ്‌നാട്ടില്‍ കുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ പേരക്കുട്ടിയെ കൂടി അന്തരാവകാശിയായി വാഴിച്ചിരിക്കുകയാണെന്ന് തരൂര്‍ പറയുന്നു.സാക്ഷരതാ നിരക്ക് 81 ശതമാനത്തോടടുക്കുകയും മൊബൈല്‍ ഇൻ്റര്‍നെറ്റ് ഉപയോഗം 95 ശതമാനം കവിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടുംബാധിപത്യത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടാകണം. ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമായും വ്യക്തിഗത സ്വാധീനത്തില്‍ അധിഷ്ഠിതമാണെന്ന് ലേഖനത്തില്‍ തരൂര്‍ പറയുന്നു. ഈ പ്രതിഭാസം ഏതാനും കുടുംബങ്ങളില്‍ ഒതുങ്ങുന്നതല്ല. സമീപകാലത്തു നടന്ന ഒരു പഠനത്തില്‍ 149 കുടുംബങ്ങളില്‍നിന്ന് ഒന്നിലധികം അംഗങ്ങള്‍ സംസ്ഥാന നിയമസഭകളില്‍ ഉണ്ടെന്ന് കണ്ടെത്തി. 11 കേന്ദ്രമന്ത്രിമാര്‍ക്കും 9 മുഖ്യമന്ത്രിമാര്‍ക്കും കുടുംബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവണത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുടനീളം കാണപ്പെടുന്നുണ്ട്. പാകിസ്താനിലെ ഭൂട്ടോ, ഷെരീഫ് കുടുംബം, ബംഗ്ലാദേശിലെ ഷെയ്ഖ്-സിയാ കുടംബങ്ങള്‍, ശ്രീലങ്കയിലെ രജപക്‌സെ-ബണ്ഡാരനായകെ കുംടുംബങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണെന്നും ലേഖനത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നു.