മോണലിസയെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യവുമായി പിതാവ്, മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഭോപാല്‍: കുംഭമേളയിലൂടെ ലോകശ്രദ്ധനേടുകയും കേരളത്തിൽവെച്ച് വിവാഹിതയുമായ മോണലിസയെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യവുമായി പിതാവ് ജയ്‌സിങ് ഭോസ്ലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് പരാതി നല്‍കി. മകളെ മതംമാറ്റാനായി തട്ടിയെടുത്തു എന്നാണ് പിതാവിന്റെ ആരോപണം.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനിയായ മോണലിസ ഭോസ്ലെയും യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫര്‍മാനുമായുള്ള വിവാഹം നടന്നത്. തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. .വിവാഹത്തിന് പിന്നാലെ ലൗജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കാമുകനും നടനും മോഡലുമായ ഫര്‍മാന്‍ ഖാനുമായി മകള്‍ വിവാഹിതയായ സംഭവത്തില്‍ പ്രതികരിക്കുന്ന ജയ്‌സിങ് ഭോസ്ലെയുടെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. അഭിനയിക്കാനായി ആളുകള്‍ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാല്‍ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവള്‍ വിവാഹം കഴിച്ചെന്നുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പിതാവ് പറയുന്നത്. മൊണാലിസയുടെ വിവാഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുകയാണ് : ശശികല
കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുന്നു എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കെ പി ശശികല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. മൊണാലിസയുടെ മാതാവിന്റെ അവകാശ വാദം എന്ന പേരിലാണ് ശശികല ആധാര്‍ കാര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
"നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത് . പ്രണയക്കെണിയില്‍ കുടുക്കിയാണ് യുവാവ് മൊണാലിസയെ കേരളത്തില്‍ എത്തിച്ച് വിവാഹം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് നേതാക്കളും ചേര്‍ന്ന് ഈ വിവാഹം പൂര്‍ത്തിയാക്കി. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുകയാണ് "
ഹിന്ദു മാരേജ് ആക്ട് 1955 പ്രകാരം രണ്ടു പേരും ഹിന്ദു ആയാല്‍ മാത്രമേ വിവാഹം നിലനില്‍ക്കൂ. അതല്ല എങ്കില്‍ മുസ്ലിം പയ്യന്‍ ഹിന്ദു ആയി മതം മാറണം. അല്ലാത്തപക്ഷം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കണം വിവാഹം. ഇനി അതല്ല എങ്കില്‍ മുസ്ലിം പയ്യന്‍ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ എന്നും ശശികല ചോദിക്കുന്നു. വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കി നല്‍കുന്ന സംഘങ്ങള്‍ ഉണ്ടെന്നും ശശി കലപറയുന്നു.
എന്നാല്‍ വിവാഹം നടത്തി നല്‍കിയ സിപിഎമ്മുകാരെ ഹിന്ദു വിരുദ്ധര്‍ എന്ന് പറയാനാകില്ലെന്നും ശശികല പരിഹസിക്കുന്നു. സിന്ദൂരം ചാര്‍ത്തി നിലവിളക്ക് ഏറ്റുവാങ്ങുന്ന മൊണാലിസയുടെ ചിത്രം പങ്കുവച്ചാണ്. ശശികലയുടെ പ്രതികരണം.