പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിഷം നൽകി കൊന്ന് പിതാവ്

ബെംഗളൂരു: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിഷം നൽകി കൊന്ന് പിതാവ്. പെണ്ണായി പിറന്നതിനാണ് സ്വന്തം പിതാവ് തന്നെ വധശിക്ഷ നല്‍കിയത്. ഭീമരായ ചിപ്പാഡിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കർണാടകയിലെ ബെലഗാവി താലൂക്കിലെ ഉക്കാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്.ഭർത്താവ് കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയതായി ഭാര്യ ഷീല ചിപ്പാഡി കകാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയ പൊലീസ് കുഞ്ഞിനെ സ്വന്തം പിതാവാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി ഭീമരായയെ അറസ്റ്റ് ചെയ്‌തു.
കുഞ്ഞിനെ കാണാനെന്ന വ്യാജേന ഭാര്യയുടെ വീട്ടിൽ എത്തിയ ഭീമരായ കുഞ്ഞിൻ്റെ അമ്മ ഉറങ്ങുന്ന സമയം നോക്കി മുലക്കണ്ണിൽ വിഷം ചേർത്ത് കുഞ്ഞിനെ കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണർ ഭൂഷൺ ബോറാസെ പറഞ്ഞു. വിഷം ശരീരത്തിൽ കയറിയതോടെ കുഞ്ഞിൻ്റെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോഴേയ്‌ക്കും ഭർത്താവ് അവിടെ നിന്ന് ഓടിപ്പോയി തൊട്ടുപിന്നാലെ കുഞ്ഞ് മരിക്കുകയും ചെയ്‌തു.പെണ്‍കുഞ്ഞിനെ അമ്മയുടെ വീട്ടിൽ ഉപേക്ഷിച്ച് തൻ്റെ വീട്ടിലേക്ക് തനിച്ച് വരാൻ പ്രതി നിർബന്ധിച്ചിരുന്നുവെന്നും ഭാര്യ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പെൺകുട്ടി ജനിച്ചതിനാലാണ് കൊലപാതകം നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ സെയ്‌ദ് പറഞ്ഞു.