പ്രണയബന്ധമുണ്ടെന്ന സംശയത്തിൽ മകളെ പിതാവ് കനാലിലെറിഞ്ഞു കൊന്നു

 പ്രണയബന്ധമുണ്ടെന്ന സംശയത്തിൽ മകളെ പിതാവ് കനാലിലെറിഞ്ഞു കൊന്നു

ചണ്ഡീഗഢ്: പ്രണയ ബന്ധമുണ്ടെന്ന് സംശയിച്ച് അച്ഛൻ മകളെ കനാലിൽ തള്ളിയിട്ട് കൊന്നു. പഞ്ചാബിലെ ഫിറോസ്‌പൂരിലാണ് സംഭവം. ഫിറോസ്‌പൂർ നിവാസിയായ സുർജിത് സിങാണ് ഈ ക്രൂര കൃത്യം ചെയ്‌തത്. കൊലപാതകം നടത്തിയ വീഡിയോയും പ്രതി എടുത്തിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.മകൾ പ്രീതി കൗറിന് പ്രണയബന്ധമുണ്ടെന്ന പിതാവ് സുർജിത് സിങിൻ്റെ സംശയമാണ് കൊലപാതകത്തിന് വഴി തെളിച്ചത്. ഇക്കാരണത്താൽ വീട്ടിൽ നിരവധി വഴക്കുകളും സംഭവിച്ചു. സംഭവം നടന്ന സമയത്ത് സുർജിത് സിങ് കുടുംബത്തെയും മകളെയും കൂട്ടി കനാലിനടുത്ത് കൊണ്ടുപോവുകയായിരുന്നു.തുടർന്ന് മകളുടെ ഇരു കൈകളും കെട്ടിയിട്ട് കനാലിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്‌ധരുടെ സഹായം പൊലീസ് തേടുന്നുണ്ട്.മകളുടെ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള സംശയം മൂലമാണ് പ്രതി ഈ നടപടി സ്വീകരിച്ചതെന്ന് എസ്എസ്‌പി ഭൂപീന്ദർ സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതി മകളെ കുറ്റപ്പെടുത്തുകയും മകൾ പ്രണയത്തിൽ മുഴുകിയിരുന്നതിനാൽ സ്വന്തം കുടുംബത്തെ രണ്ടുതവണ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചുവെന്നും പിതാവ് ആരോപിച്ചു.