പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് വധ ശിക്ഷ

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന്  വധ ശിക്ഷ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. വധശിക്ഷയോടൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു. ഇരയ്ക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും തിരുനെൽവേലി ജില്ലാ പോക്സോ കോടതി ജഡ്‌ജി സുരേഷ് കുമാർ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തിരുനെല്‍വേലിയില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന 14 വയസുള്ള പെണ്‍കുട്ടിയെ പിതാവ് ക്രൂരായി ബലാത്സഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പ്രതിയെ ജയിലിലടച്ചത്.

തിരുനെൽവേലി ജില്ലയിലെ പനഗുഡി പ്രദേശത്തെ സ്വദേശിയാണ് പ്രതി. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയ്ക്ക് രണ്ട് പെൺമക്കളുണ്ട്. അതില്‍ ഒരാള്‍ 14 വയസുള്ള പത്താം ക്ലാസുകാരിയാണ്.

കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. പെൺകുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് 2024 മുതൽ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ അമ്മ വള്ളിയൂർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി. അതേസമയം ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. ഡിഎൻഎ പരിശോധനയിൽ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി സ്ഥിരീകരിച്ചു. തിരുനെൽവേലി പോക്സോ കോടതിയിലാണ് കേസ് നടന്നിരുന്നത്.