യുദ്ധഭീതി : വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ ആശങ്കയിൽ

യുദ്ധഭീതി : വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ ആശങ്കയിൽ

 മുംബൈ: മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബായ്, ദോഹ സർവീസുകളും ഔദ്യോഗികമായി റദ്ദാക്കി. എയർ അറേബ്യയുടെ അബുദാബി വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ബോർഡിംഗ് തടസ്സപ്പെടുകയും മസ്‌കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. കൊച്ചിയിൽ നിന്നുള്ള എത്തിഹാദ് വിമാനം പുറപ്പെടുന്നത് താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത 24 മണിക്കൂറിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ നാലും ഇൻഡിഗോയുടെ മൂന്നും സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ റിയാദ്, ദുബായ്, ദമാം സർവീസുകളും ഇൻഡിഗോയുടെ ജിദ്ദ, റിയാദ്, ദുബായ് സർവീസുകളുമാണ് നിലവിലെ സാഹചര്യത്തിൽ റദ്ദാക്കിയത്.

വ്യോമപാതകൾ പുനഃസ്ഥാപിക്കുന്നത് വരെ സർവീസുകളിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യതയെന്ന് സിിയാൽ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം ഈ മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ അതത് എയർലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്‍റെ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സർവീസുകൾ റദ്ദാക്കിയത് കാരണം അവധിക്ക് നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്ക് കയറാനിരുന്നവരുമായ നൂറുകണക്കിന് മലയാളികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.