FIFA WORLDCUP2026: സ്കോട്ടിഷ് പടയെ തകര്‍ത്ത് ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക്

ഫ്ലോറിഡ :ലോകകപ്പ് ഫുട്ബോളില്‍ സ്കോട്ട്‌ലന്റിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്. മത്സരത്തില്‍ കരുത്തുകാട്ടിയ മഞ്ഞപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുന്നത്. വിജയത്തോടെ 7 പോയിൻ്റുമായി മെച്ചപ്പെട്ട ഗോൾ വ്യത്യാസത്തിൻ്റെ കരുത്തിൽ മൊറോക്കോയെ പിന്നിലാക്കി ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചു.
വിനീഷ്യസിൻ്റെ മുന്നിൽ തകർന്നടിഞ്ഞ് സ്കോട്ടിഷ് പ്രതിരോധം
മത്സരത്തിൻ്റെ ആദ്യ മിനിറ്റുകൾ മുതൽ ബ്രസീൽ ആക്രമണ ഫുട്ബോളിൻ്റെ വിശ്വരൂപമാണ് പുറത്തെടുത്തത്. കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ സ്കോട്ടിഷ് ഡിഫൻഡർ സ്കോട്ട് മക്കെന്ന വരുത്തിയ മാരകമായ പിഴവ് മുതലെടുത്ത് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ബ്രസീലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ബ്രൂണോ ഗ്വിമാരസിൻ്റെ ഉജ്ജ്വലമായ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ വിനീഷ്യസ് തൻ്റെ രണ്ടാമത്തെ ഗോളും വലയിലാക്കി കാനറികൾക്ക് രണ്ട് ഗോളിൻ്റെ വ്യക്തമായ ലീഡ് സമ്മാനിച്ചു.

കുൻഹയുടെ ഫിനിഷിംഗും നെയ്മറുടെ തിരിച്ചുവരവും
രണ്ടാം പകുതിയിലും ബ്രസീൽ ആക്രമണത്തിൻ്റെ മൂർച്ച കുറച്ചില്ല. അറുപതാം മിനിറ്റിൽ ബ്രൂണോ ഗ്വിമാരസിന്റെ മറ്റൊരു മികച്ച അസിസ്റ്റിൽ നിന്ന് മാത്യൂസ് കുൻഹ പന്ത് വലയിലെത്തിച്ചതോടെ സ്കോട്ട്ലൻഡിൻ്റെ പതനം പൂർണ്ണമായി. മത്സരത്തിൻ്റെ 76-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് പരിക്കിൻ്റെ പിടിയിൽ നിന്നിരുന്ന ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ പകരക്കാരനായി കളത്തിലിറങ്ങിയത് കാനറി ആരാധകർക്ക് ഇരട്ടി മധുരമായി.ലോകകപ്പിൻ്റെ ആദ്യ കടമ്പ അനായാസം പിന്നിട്ട കാനറിപ്പട തങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്ക് കണ്ണ് നട്ടു കഴിഞ്ഞു. ഫിഫയുടെ പുതിയ ടൂർണമെൻ്റ് ഫോർമാറ്റ് അനുസരിച്ച് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് ബ്രസീലിൻ്റെ എതിരാളികൾ.

നിലവിലെ ഗ്രൂപ്പ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ബ്രസീലിന്റെ ഏറ്റവും വലിയ എതിരാളിയായി വരാൻ സാധ്യത കൽപ്പിക്കപ്പെടുന്നത് ജപ്പാനാണ്. ടാക്റ്റിക്കൽ ഫുട്ബോളും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും കൊണ്ട് ലോകവേദിയിൽ വൻശക്തികളെപ്പോലും വിറപ്പിക്കുന്നവരാണ് ഏഷ്യൻ കരുത്തരായ ജപ്പാൻ. ഗ്രൂപ്പിലെ അവസാന മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ജപ്പാൻ്റെ സ്ഥാനം നിശ്ചയിക്കപ്പെടുക. 2022 ലോകകപ്പിൽ ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ രണ്ടാം സ്ഥാനക്കാരായി വന്നാൽ ബ്രസീലിന് അതൊരു കടുത്ത പരീക്ഷണം തന്നെയായിരിക്കും.

യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സ് (ഹോളണ്ട്) ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണെങ്കിലും, അവസാന മത്സരത്തിൽ അപ്രതീക്ഷിതമായി പോയിൻ്റ് നഷ്ടപ്പെടുകയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്താൽ നോക്കൗട്ടിൽ ഒരു വമ്പൻ ക്ലാസിക് മത്സരത്തിന് വേദി ഒരുങ്ങും. ബ്രസീലും നെതർലൻഡ്സും തമ്മിലുള്ള ലോകകപ്പ് മത്സരങ്ങൾക്ക് എക്കാലത്തും വലിയ ചരിത്രമുണ്ട്. ഡച്ച് പടയുടെ ടോട്ടൽ ഫുട്ബോളും ബ്രസീലിൻ്റെ ആക്രമണാത്മക ശൈലിയും നേർക്കുനേർ വന്നാൽ അത് ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറും.ആദ്യ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളെക്കുറിച്ച് ബ്രസീലിയൻ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് തികഞ്ഞ ബോധവാനാണ്. "നോക്കൗട്ട് ഘട്ടത്തിൽ ഏത് ടീമും അപകടകാരികളാണ്. ഒരു ചെറിയ പിഴവ് പോലും ടൂർണമെൻ്റിന് പുറത്തേക്കുള്ള വഴി തുറക്കും. എതിരാളികൾ ആരായാലും കാനറികൾ സ്വന്തം ശൈലിയിൽ തന്നെ മുന്നോട്ട് പോകും," മത്സരശേഷം ക്യാപ്റ്റൻ വ്യക്തമാക്കി. വിനീഷ്യസ് ജൂനിയറിൻ്റെ മികച്ച ഫോമും നെയ്മറുടെ തിരിച്ചുവരവും ബ്രസീൽ ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.