ബജറ്റ് സമ്മേളനം: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും

ബജറ്റ് സമ്മേളനം: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും

ഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിക്കും.രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ വിശദമായ പരാമർശങ്ങളുണ്ടായേക്കും.

രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയാണ് സാമ്പത്തിക സർവേ. ഓരോ വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് ധനമന്ത്രി പാർലമെൻ്റിൽ ഈ റിപ്പോർട്ട് പാർലമെൻ്റിൽ അവതരിപ്പിക്കും. രാജ്യത്തിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്നും വരാനിരിക്കുന്ന വർഷത്തിൽ രാജ്യം എങ്ങോട്ട് പോകുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നേര്‍ച്ചിത്രവും റിപ്പോർട്ടിൽ വ്യക്തമാകും. ഇന്ത്യയിൽ ആദ്യത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത് 1950-51 കാലഘട്ടത്തിലാണ്

കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്‍റെ സാമ്പത്തികനില വിശകലനം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന സാമ്പത്തിക വളർച്ചയിലും വിലയിരുത്തലുകളുണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പ്രസംഗിച്ചിരുന്നു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 95 കോടി പൗരന്മാരിലേക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എത്തുന്നുണ്ട്.

രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും ക്ഷേമ പരിഷ്‌കാരങ്ങൾ, ദേശീയ സുരക്ഷ, ഇന്ത്യയുടെ ഭാവി ലക്ഷ്യങ്ങൾ എന്നിവ സർക്കാരിൻ്റെ മുൻഗണനയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു സഭയിൽ പരാമർശിച്ചിരുന്നു.അതേസമയം ഇത്തവണ ഫെബ്രുവരി ഒന്ന് ഞായറാഴ്‌ച ആണെങ്കിലും അന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ ആണ് കേന്ദ്രത്തിൻ്റെ തീരുമാനം. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റ് അവതരണത്തിന് ഉണ്ട്.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. എയിംസ്, ശബരി റെയിൽ ഉൾപ്പെടെ ആവശ്യങ്ങള്‍ ഇതിനോടകം കേരളം മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം ബജറ്റിൽ വ്യക്തമാകുന്നതായിരിക്കും.




.