സാമ്പത്തിക ബാധ്യത: കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ : മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള സംസ്‌ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയ കർഷകൻ കട ബാദ്ധ്യതമൂലം ആത്‍മഹത്യ ചെയ്തു. ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏലിയാസിന് 40 ലക്ഷത്തിലധികം കട ബാധ്യതയുണ്ടായിരുന്നതായി സഹോദരൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.

പലപ്പോഴും കർഷക ആത്മഹത്യകള്‍ പുറത്ത് വരാറുണ്ടെങ്കിലും അമ്പാട്ട് ഏലിയാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് കണ്ണൂരിലെ ചെറുപുഴ നിവാസികൾ . മൂന്ന് ദിവസം മുൻപ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഏലിയാസ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു കൂടെയുണ്ടായിരുന്നവർക്ക്.
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ കർഷക സാന്നിധ്യമായ ഏലിയാസ് അറുപതാംവയസ്സിൽ സ്വയം ജീവനൊടുക്കുമ്പോൾ ബാക്കിയാകുന്നത് പരന്നു കിടക്കുന്ന പച്ച പുതച്ച അദ്ദേഹത്തിൻ്റെ പച്ചക്കറി പാടമാണ്. തണുപ്പ് കാലത്ത് കോടമഞ്ഞിനോടും വർഷകാലത്ത് ആർത്തുപെയ്യുന്ന മഴയോടും പട പൊരുതി തീർത്ത പച്ചക്കറിത്തോട്ടത്തെ തനിച്ചാക്കിയാണ് ഏലിയാസ് വിടപറയുന്നത് .
കണ്ണൂർ കാസർഗോഡ് ജില്ലകളുടെ മലയോര പ്രദേശത്ത് കഴിഞ്ഞ 38 വർഷമായി പച്ചക്കറി കൃഷിയിൽ ഏലിയാസ് നൂറ് ശതമാനം വിളവ് നേടി. കൃഷിയുടെ വിജയതീരം തൊട്ട ഈ കർഷകൻ പക്ഷെ തൻ്റെ സാമ്പാത്തിക ബാധ്യതകളെ നിശബ്‍ദമായി ഒളിപ്പിച്ചു വച്ചു. ഇന്ന് പുലർച്ചെ 3.30നാണു ഏലിയാസ് ചികിത്സയിലിരിക്കെ മരണപ്പെടുന്നത് .ഈസ്റ്റ് എളേരിയിൽ ഇത്തവണ 2500 ഓളം വാഴ തൈകൾ ആണ് ഏലിയാസ് വച്ചു പിടിപ്പിച്ചത് എന്ന് കൃഷി ഓഫിസർ സുരേഷ് കുറ്റൂർ പറയുന്നു. പക്ഷെ വിളവിനൊത്ത വരുമാനം കിട്ടിയില്ല. ലക്ഷങ്ങളുടെ കടബാധ്യത കൾ ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത് എന്നും സുരേഷ് കുറ്റൂർ പറയുന്നു.
എത്ര ഭീമൻ നഷ്‌ടം വന്നാലും കൃഷിയിൽ നിന്നും മാറാൻ താല്‍പര്യമില്ല എന്നായിരുന്നു മാസങ്ങൾക്കു മുൻപ് ഏലിയാസ് ഒരു മാധ്യമത്തിന് നൽികിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത് അത്രമേൽ ആഗ്രഹത്തോടെയാണ് അദ്ദേഹം കൃഷി ചെയ്‌തിരുന്നത്. തൻ്റെ കൃഷിത്തോട്ടം അഞ്ച് മുതൽ എട്ട് കുടുംബങ്ങൾക്ക് ജീവിതമാർഗമായതിലുള്ള സന്തോഷവും ഈ കർഷകനുണ്ടായിരുന്നു.

തരിശു സ്ഥലങ്ങൾ അന്വേഷിച്ചു പോകുന്നതാണ് അമ്പാട്ട് ഏലിയാസിൻ്റെ ഏറ്റവും വലിയ സവിശേഷതയെന്നാണ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ പറഞ്ഞത്. പയ്യന്നൂർ ബ്ലോക്കിലെ പ്രധാന കർഷകനായിരുന്നു ഇദ്ദേഹം. തൻ്റെ സർവീസ് കാലയളവിൽ ഏലിയാസിനെ പോലെ ഒരു കർഷകനെ കണ്ടിട്ടില്ലെന്നും തരിശുപാടങ്ങൾ കിട്ടാത്തതുകൊണ്ട് ഒരു വർഷം കൃഷിയോടുള്ള പ്രണയത്തിൽ കണ്ണൂർ ജില്ല വിട്ട് കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി വരെ ഏലിയാസ് പോയിട്ടുണ്ടെന്നും സുരേഷ് കുറ്റൂർ പറഞ്ഞു.
വേനൽക്കാലത്ത് കുഴൽ കിണറിലൂടെയാണ് ജലസേചനം നടത്തിയിരുന്നത്. ഏലിയാസിൻ്റെ പച്ചക്കറികൾ ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ പയ്യന്നൂർ, പിലാത്തറ, മാതമംഗലം, പാടിച്ചാൽ, ചെറുപുഴ എന്നിവിടങ്ങളിലെല്ലാം വിപണിയിലെത്തിയിരുന്നു.കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലെ ഇടവരമ്പ് സ്വദേശിയാണ് ഏലിയാസ്. പച്ചക്കറി കൃഷിയിൽ നൂറ് ശതമാനം വിളവ് നേടിയ ഇദ്ദേഹത്തെ തേടി മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡും എത്തി. മറ്റൊരു തൊഴിലിലേക്കും കടക്കാതെ, കൃഷിയെ തൻ്റെ ജീവിതമായി മാറ്റിയ ഏലിയാസ് കൊല്ലത്തിൽ മുഴുവൻ സമയവും പച്ചക്കറി കൃഷി ചെയ്യുന്ന ഒരു കർഷകനായിരുന്നു. ഏലിയാസിനുള്ള സർക്കാർ സഹായം വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ആരോപിച്ചു.