സാമ്പത്തിക പ്രതിസന്ധി: സ്വകാര്യ ബസ്സുടമകളുടെ റിലേ ധർണ്ണ ജൂലായ് 20 മുതൽ

മലപ്പുറം : സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇതിൻ്റെ ഭാഗമായി വരും മാസം 20-ാം തീയതി മുതൽ 25-ാം തീയതി വരെ തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ശക്തമായ റിലേ ധർണ നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പുതിയ സൗജന്യ യാത്രാ പദ്ധതികളെത്തുടർന്ന് വരുമാനത്തിൽ വൻ ഇടിവുണ്ടായതാണ് സ്വകാര്യ ബസ് ഉടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.സെക്രട്ടറിയറ്റ് പടിക്കൽ നടക്കുന്ന റിലേ ധർണ്ണയുടെ ആദ്യ ദിവസമായ 20-നും അവസാന ദിവസമായ 25-നും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ നിന്നുള്ള ബസുടമകളും പ്രതിനിധികളും പങ്കെടുക്കും. ഇടയ്ക്കുള്ള 21 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രണ്ട് ജില്ലകളിൽ നിന്നുള്ളവർ വീതമായിരിക്കും ധർണ്ണയ്ക്ക് നേതൃത്വം നൽകുക.
ഇക്കഴിഞ്ഞ ജൂൺ 15-ന് ശേഷം പ്രിയദർശിനി ബസുകൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വിപുലീകരിച്ച റൂട്ടുകളിൽ, സ്വകാര്യ ബസുകൾക്ക് പ്രതിദിന ഇന്ധനം നിറയ്ക്കാനുള്ള വരുമാനം പോലും ടിക്കറ്റ് കളക്ഷനിലൂടെ ലഭിക്കാത്ത അവസ്ഥയാണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. നികുതിയും ഉയർന്ന ഇൻഷുറൻസ് തുകയും ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ് ഈ രീതിയിൽ വ്യവസായവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഈ സാഹചര്യത്തിൽ സർവീസ് പൂർണ്ണമായും നിർത്തിവച്ചുള്ള അനിശ്ചിതകാല ചക്രസ്തംഭന സമര പരിപാടികൾക്ക് രൂപം നൽകാൻ ബസുടമകളും പ്രമുഖ തൊഴിലാളി യൂണിയനുകളും സംയുക്തമായി രംഗത്തിറങ്ങും. ഇതിന്റെ ഭാഗമായി സി.ഐ.ടി.യു , ബി.എം.എസ്ഉൾപ്പെടെയുള്ള പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നാളെ തിരുവനന്തപുരത്ത് വെച്ച് സംയുക്ത ആലോചനാ യോഗം ചേരും.