പഞ്ചായത്തിൽ സാമ്പത്തിക തട്ടിപ്പ് ; പലിശ സഹിതം 26 ലക്ഷം തിരികെ അടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

ഇടുക്കി: നെടുംകണ്ടം പഞ്ചായത്തിൽ നിന്നും അനധികൃതമായി തട്ടിയെടുത്ത പണം തിരികെ അടയ്ക്കാൻ ഉദ്യോഗസ്ഥർക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ നിർദേശം. നെടുംകണ്ടം മുൻ പഞ്ചായത്ത് സെക്രട്ടറിയോടും അക്കൗണ്ടൻ്റിനോടുമാണ് പണം അടയ്‌ക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് പലിശ ഉൾപ്പടെ 26 ലക്ഷത്തോളം രൂപ തിരികെ അടയ്ക്കണം.
ബില്ലുകളിലും ചെക്കുകളിലും കൃത്രിമം കാണിച്ചാണ് മുൻ നെടുംകണ്ടം പഞ്ചായത്ത് അക്കൗണ്ടൻ്റ് പി ബി ബിനോയ്, സെക്രട്ടറി സുനിൽ സെബാസ്‌റ്റ്യൻ എന്നിവർ തട്ടിപ്പ് നടത്തിയത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വൈദ്യുതി ബില്‍ തുകയിൽ അടക്കം കൃത്രിമം കാണിച്ചു. 750 രൂപയുടെ യഥാർഥ ബില്‍ 8750 രൂപയുടെ ചെക്ക് ആക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ഇത്തരത്തിൽ ആകെ 21, 96,074 രൂപ ക്രമ വിരുദ്ധമായി ചെലവഴിച്ചു. സംഭവത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഫിനാൻസ് മാനേജ്‍മെൻ്റ് ഇൻസ്പെക്ഷൻ വിഭാഗം അന്വേഷണം നടതിയതിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി. നഷ്‌ടമായ തുക 18 ശതമാനം പലിശ ഉൾപ്പടെ ആകെ 25,91,368 രൂപ തിരികെ അടയ്ക്കണം.മുൻ പഞ്ചായത് ഭരണ സമിതിയുടെ കാലത്ത് ആണ് തട്ടിപ്പ് അരങ്ങേറിയത്. ബിനോയിക്കെതിരെ നെടുംകണ്ടം പൊലീസ് സ്റ്റേഷനിൽ നിലനിൽക്കുന്ന കേസിൽ സുനിൽ സെബാസ്‌റ്റ്യനേയും പ്രതി ചേർക്കണമെന്ന് ജോയിൻ്റ് ഡയറക്‌ടർ ട്രീസ ജോസ് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തട്ടിപ്പ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുകയാണ്.
ഈ മാസമാണ് നികുതി പണം വെട്ടിച്ച കേസിൽ വില്ലേജ് അസിസ്റ്റൻ്റിന് 14 വർഷം കഠിന തടവും പിഴയും വിജിലൻസ് കോടതി വിധിച്ചത്. വ്യാജ രേഖകൾ ചമച്ച് 1,62,450 രൂപ തട്ടിയെടുത്ത് ദുരുപയോഗം ചെയ്‌ത കേസിലാണ് കണ്ണൂർ വില്ലേജ് ഓഫിസിലെ മുൻ വില്ലേജ് അസിസ്റ്റൻ്റും താണ സ്വദേശിയുമായ കെ സിയാദിനെതിരെ ശിക്ഷ വിധിച്ചത്.
14 വർഷം കഠിന തടവിന് പുറമെ 2.80 ലക്ഷം രൂപ പ്രതി പിഴയായി നൽകണമെന്നും കോടതി പറഞ്ഞു. നിലവിൽ ഇയാൾ തിരൂർ വില്ലേജ് ഓഫിസിൽ പ്രവർത്തിച്ച് വരികയാണ്. കണ്ണൂരിൽ ജോലി ചെയ്‌തിരുന്ന കാലയളവിലാണ് ക്രമക്കേട് നടത്തി 1,62,450 രൂപ തട്ടിയെടുത്തത്. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം ദുരുപയോഗം ചെയ്‌തതിന് സിയാദ് കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ശിക്ഷ വിധി വന്നത്.