Mumbai
ഭിവണ്ടിയിൽ സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ വൻ തീപിടിത്തം

മുംബൈ : ഭിവണ്ടിയിൽ സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം നടന്നത്. ആദ്യം വലിയ ഒരു പൊട്ടിത്തെറി ശബ്ദം കേട്ടതിന് പിന്നാലെ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കാൻ കാരണമായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.വിവരം ലഭിച്ച ഉടൻ തന്നെ ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. അതേസമയം, ഈ തീപിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി ഉടമകൾ അറിയിച്ചു.